ഫുട്ബോൾ ചെറിയ കളിയല്ല, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൊയ്ത് ഫുട്ബോൾ സിനിമകൾ

ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലചിത്ര അവാർഡുകളിൽ നേട്ടങ്ങൾ കൊയ്ത് ഫുട്ബോൾ സിനിമകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയും ക്യാപ്റ്റനും ആണ് അവാർഡുകൾ നേടി കേരളത്തിന്റെ ഫുട്ബോൾ സ്നേഹത്തിന് അഭിമാനമായത്. സുഡാനി ഫ്രം നൈജീരിയ 5 പുരസ്കാരങ്ങളും ക്യാപ്റ്റൻ ഒരു പുരസ്കാരവും സ്വന്തമാക്കി.

മലബാറിലെ സെവൻസ് ഫുട്ബോളിനെ ആസ്പദമാക്കി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മുഹ്സിൻ പെരാരിയും സക്കറിയയും ചേർന്നാണ് സുഡാനി ഫ്രം നൈജീരിയയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ആ‌ സിനിമയിലെ പ്രകടനത്തിന് തന്നെ സാവിത്രി ശ്രീധരന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും ലഭിച്ചു.

മികച്ച നടനുള്ള പുരസ്കാരം ഇത്തവണ രണ്ട് താരങ്ങൾ പങ്കിട്ടു. സൗബിൻ ഷാഹിറും ജയസൂര്യയുമാണ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹരായത്. സൗബിൻ ഷാഹിറിന് സുഡാനി ഫ്രം നൈജീരിയയിൽ സെവൻസ് ഫുട്ബോൾ ടീമിന്റെ മാനേജറായി നടത്തിയ പ്രകടനത്തിനായിരുന്നു അവാർഡ് ലഭിച്ചത്. ജയസൂര്യക്ക് രണ്ട്  സിനിമകളിലെ പ്രകടനത്തിനാണ് അവാർഡ്. ഞാൻ മേരി കുട്ടി എന്ന സിനിമയും ഒപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സത്യന്റെ ജീവിതം സിനിമയാക്കിയ ക്യാപ്റ്റൻ എന്ന സിനിമയിലെ പ്രകടവും അവാർഡിനായി പരിഗണിച്ചു. ക്യാപ്റ്റനിൽ വി പി സത്യനായി മികച്ച പ്രകടനമായിരുന്നു ജയസൂര്യ കാഴ്ചവെച്ചത്.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ ആണ് സ്വന്തമാക്കിയത്.

Previous articleമുസ്താഫിസുറിനെ മൂന്ന് മത്സരങ്ങളിലും കളിപ്പിക്കരുത്
Next articleകെയിന്‍ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി ആന്‍ഡ്രൂ ടൈ എത്തും