കേരള പ്രീമിയർ ലീഗിൽ നിന്ന് എസ് ബി ഐയും പിന്മാറി, ലീഗ് തകരുന്നു!!

കേരള പ്രീമിയർ ലീഗിന്റെ ഈ സീസൺ എവിടെ ചെന്ന് അവസാനിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ലീഗ് പകുതിയിൽ ഇരിക്കെ മറ്റൊരു ക്ലബ് കൂടെ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ്. എസ് ബി ഐയാണ് കേരള പ്രീമിയർ ലീഗിൽ ഇനി കളിക്കാൻ ഇല്ലാ എന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോടൻ ക്ലബായ ക്വാർട്സും ലീഗിൽ നിന്ന് പിന്മാറിയിരുന്നു.

ക്വാർട്സിന് പകരക്കാരായി ഷൂട്ടേഴ്സ് പടന്നയെ എത്തിക്കാൻ കെ എഫ് എയ്ക്ക് ആയെങ്കിൽ എസ് ബി ഐക്ക് പകരക്കാർ ഉണ്ടാകാൻ സാധ്യതയില്ല. ലീഗിന്റെ നടത്തിപ്പിൽ ഉണ്ടായ പ്രതിസന്ധിയാണ് എസ് ബി ഐയേയും ലീഗ് വിടാൻ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ നാലു മത്സരങ്ങൾ എസ് ബി ഐ കളിച്ചിട്ടുണ്ട്. ഈ മത്സര ഫലങ്ങളും ഇനി നടക്കാൻ ബാക്കി ഉണ്ടായിരുന്ന എസ് ബി ഐ മത്സരങ്ങളും ലീഗിനെ മൊത്തമായി തന്നെ ബാധിക്കും. എസ് ബി ഐ കേരള ഫുട്ബോൾ ക്ലബ് തന്നെ പിരിച്ചുവിടും എന്നും അഭ്യൂഹമുണ്ട്. നേരത്തെ എസ് ബി ടി ബാങ്ക് എസ് ബി ഐ ആയി മാറിയപ്പോൾ തന്നെ ഫുട്ബോൾ ടീമിന് ഭീഷണി ഉണ്ടായിരു‌ന്നു.

എ സ് ബി ഐ മാത്രമല്ല ഇന്ത്യൻ നേവിയും കേരള പ്രീമിയൽ ലീഗിൽ നിന്ന് പിന്മാറിയേക്കും എന്നാണ് അറിയാനാവുന്നത്. സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നതിനാൽ ടീം ഇറക്കാൻ കഴിയാതെ നിൽക്കുകയാണ് ഇന്ത്യൻ നേവി. ലീഗ് തുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടു നേവി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

Previous articleദക്ഷിണാഫ്രിക്കന്‍ ജയം സൂപ്പറോവറില്‍
Next articleഐലീഗ് അവാർഡുകൾ വാരിക്കൂട്ടി പെഡ്രോ മാൻസി