കേരള പ്രീമിയർ ലീഗ്: സെമി സാധ്യത സജീവമാക്കി എം.എ അക്കാദമി

Img 20210410 Wa0044
- Advertisement -

കൊച്ചി: കേരള പ്രീമിയർ ലീഗിൽ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി കോതമംഗലം എം.എ അക്കാദമി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്‌.സിയെ മൂന്ന് ഗോളിന് തകർത്ത അക്കാദമി ടീം ഗ്രൂപ്പിൽ വീണ്ടും ഒന്നാമൻമാരായി. സീസണിൽ ആദ്യ വിജയത്തിനായി അവസാനം വരെ പോരാടിയ കോവളം എഫ്.സിക്ക് ഒരു ഗോൾ മാത്രമെ മടക്കാനായുള്ളൂ. എം.എ അക്കാദമിയുടെ അവസാന ലീഗ് മത്സരമായിരുന്നു ഇത്.

അക്കാദമിക്കായി കെ.ബി അബിൽ (45+ 2),ജിബിൻ ദേവസി (48), അഭിജിത് (90+3) എന്നിവർ വലകുലുക്കി. ജെ.ഷെറിൻ പെനാൽറ്റിയിലൂടെയാണ് (68) കോളവത്തിന്റെ ആശ്വാസ ഗോൾ നേടിയത്. സീസണിൽ നാല് മത്സരത്തിലും തോറ്റ കോവളം എഫ്.സി ലീഗിൽ നിന്നും പുറത്തായി.

ജയിച്ചാൽ സെമി സാധ്യത ഉറപ്പിക്കൽ, തോറ്റാൽ കാത്തിരിപ്പ്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുടെ കരുത്തുമായി കളത്തിലിറങ്ങിയ എം.എ അക്കാദമിക്ക് ആദ്യ പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷയുടെ അമിതഭാരമില്ലാ പോരിനിറങ്ങിയ കോവളം എഫ്.സിയുടെ ഒറ്റപ്പെട്ട ചില നീക്കങ്ങൾ എം.എ അക്കാദമിയെ വിറപ്പിച്ചു. പ്രത്യാക്രമങ്ങളുണ്ടായെങ്കിലും ഗോൾകീപ്പർ ഷഹീറിന്റെ കൈകളെ തകർക്കാൻ എം.എ അക്കാദമിക്ക് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. അണ്ടർ 19 ഇന്ത്യൻ താരം മുഹമ്മദ് ഷാഫി നൽകിയ ലോംഗ് ത്രോ ബാക്ക് ഹെഡറിലൂടെ കെ.ബി അഖിൽ വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും എം.എ അക്കാദമിയുടെ അധിപത്യമായിരുന്നു. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ജിബിൻ ദേവസ്യ അക്കാദമിയുടെ സ്കോർ ഉയർത്തി. കോവളം എഫ്.സിയുടെ പ്രതിരോധ പൂട്ടുപൊളിച്ച് ഗോൾമുഖത്ത് എത്തിയ ജിബിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിലൂടെ ലഭിച്ച പെനാൾട്ടി ജിബിൻ തന്നെ വലയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ താളം കണ്ടെത്തിയ കോവളം എഫ്.സി അക്കാദമിയുടെ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 67ാം മിനിറ്റിൽ കോവളത്തിന്റെ മുന്നേറ്റം തടയുന്നതിനിടെ അനുകൂലമായി ലഭിച്ച പെനാൾട്ടി ഷെറിൽ അനായാസം ഗോളാക്കുകയായിരുന്നു. ഇതോടെ മത്സരം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം കോവളം ടീമിനെ ഉണർത്തി. മത്സരത്തിൽ അധിക സമയം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ അഭിജിത്ത് കോളവത്തിന്റെ പ്രതീക്ഷയ്ക്ക്മേൽ അവസാന ഗോളിട്ട് അക്കാദമിയുടെ വിജയം ഊട്ടിയുറപ്പിച്ചു.

നാളെ നടക്കുന്ന മത്സരത്തിൽ കെ.എസ്. ഇ.ബി, ഗോൾഡൻ ത്രെഡ്സ് എഫ്.സിയെ നേരിടും. സെമി സാധ്യതകൾ നിലനിർത്താൻ ഒരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.

Advertisement