കേരളാ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്ക് യോഗ്യത നേടി ലൂക്കാ സോക്കർ ക്ലബ്ബ്. പൂൾ ബിയിൽ നിന്നുമുള്ള ടീമിനെ കണ്ടെത്താൻ ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കലാശപോരാട്ടത്തിൽ ശ്രീ വ്യാസാ കോളേജിനെയാണ് അവർ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലൂക്കാ സോക്കർ ക്ലബ്ബിന്റെ വിജയം. മത്സരത്തിലെ ഏക ഗോൾ ഷഹജാസ് കണ്ടെത്തി.
ആദ്യ പകുതിയിലാണ് ഫൈനലിന്റെ വിധി നിർണയിച്ച ഗോൾ എത്തിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഷഹജാസിലൂടെ ലൂക്കാ ക്ലബ്ബ് ലീഡ് നേടി. രണ്ടാം പകുതിയിൽ ഇരു ടീമിനും ലക്ഷ്യം കാണാൻ ആയില്ല. കഴിഞ്ഞ ദിവസം എട്ടു ഗോളിന്റെ തകർപ്പൻ ജയവുമായാണ് അവർ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. ഗോൾഡൻ ത്രെഡ്സിനെ കീഴടക്കിയാണ് ശ്രീ വ്യാസാ കോളേജ് കലാശപോരാട്ടത്തിന് എത്തിയത്. ഇതോടെ കേരളാ പ്രീമിയർ ലീഗ് പുതിയ സീസണിൽ പന്ത് തട്ടാൻ ലൂക്കാ സോക്കർ ക്ലബ്ബും ഉണ്ടാവും.