കേരള ഫുട്ബോളിലെ ചാമ്പ്യന്മാർ ആരാണെന്ന് ഇന്ന് അറിയാം. കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ ഇന്ന് കോഴിക്കോട് നടക്കും. കെ പി എൽ ചരിത്രത്തിലെ ഏറ്റവും നീളമുള്ള ലീഗിനാണ് ഇന്ന് അവസാനമാകുന്നത്. കലാശ പോരാട്ടത്തിൽ ഗോകുലം കേരള എഫ് സിയും ഇന്ത്യൻ നേവിയുമാണ് നേർക്കുനേർ വരുന്നത്. നിലവിലെ കെ പി എൽ ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി.
ഈ സീസണിൽ കേരള പ്രീമിയർ ലീഗിൽ ഗംഭീര ഫോമിലാണ് ഗോകുലം കേരള എഫ് സി ഇതുവരെ കളിച്ചത്. ഗ്രൂപ്പ് ഘട്ടത്ത എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ഗോകുലം സെമിയിൽ വൈരികളായ കേരള ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിനെ പെനാൾട്ടി ഷൂട്ടൗട്ട ആയിരുന്നു തോൽപ്പിച്ചത്. ഐലീഗ് താരങ്ങളായ സബാ, അർജുൻ ജയരാജ് എന്നിവരൊക്കെ ഇന്നും ഗോകുലം കേരള എഫ് സി നിരയിൽ ഉണ്ടായേക്കും.
ഇന്ത്യൻ നേവി കാരണമായിരുന്നു കേരള പ്രീമിയർ ലീഗ് ഇത്ര നീണ്ടു പോയത്. വളരെ വൈകി എത്തിയ ഇന്ത്യൻ നേവി എല്ലാവരെയും മറികടന്ന് ആണ് സെമിയിലേക്ക് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് നേവി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സെമിയിൽ എഫ് സി കേരളയെയും നേവി തോൽപ്പിച്ചു. രജിസ്റ്റർ ചെയ്യാത്ത താരങ്ങളെ കളിപ്പിക്കുന്നുണ്ട് എന്ന പരാതി ഉയരുന്നുണ്ട് എങ്കിലും അത് വകവെക്കാതെ ആണ് നേവിയുടെ മുന്നേറ്റം.
ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഫൈനൽ പോരാട്ടം തത്സമയം മൈകൂജോ വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും കാണാൻ പറ്റും.