കേരള പ്രീമിയർ ലീഗ്; ഒമ്പത് ഗോൾ ത്രില്ലറിൽ എം എ കോളേജിന് വിജയം

20220223 182134

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എം എ കോളേജിന് ഗംഭീര വിജയം. ഒമ്പതു ഗോൾ പിറന്ന മത്സരത്തിൽ എം എ കോളേജിന്റെ ശക്തമായ തിരിച്ചടിയാണ് കാണാൻ കഴിഞ്ഞത്. ആദ്യ അഞ്ചു മിനുട്ടിൽ തന്നെ ഇന്ന് ട്രാവങ്കൂർ റോയൽസ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മൂന്നാം മിനുട്ടിൽ മരിയ വിവേകും അഞ്ചാം മിനുട്ടിൽ ജോൺ ബ്രിട്ടോയും ട്രാവങ്കൂറിനായി ഗോൾ നേടി.

14ആം മിനുട്ടിലെ നവിൻ എം രഘുവിന്റെ ഗോൾ എം എ കോളേജിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 38ആം മിനുട്ടിൽ നവിന്റെ തന്നെ ഗോൾ കളി 2-2 എന്ന നിലയിലാക്കി. 41ആം മിനുട്ടിൽ ഡെലാൻ ഡെന്നി കൂടെ ഗോൾ നേടിയതോടെ എം എ കോളേജ് ആദ്യമായി ലീഡിൽ എത്തി. ആദ്യ പകുതി എം എ കോളേജിന് അനുകൂലമായി 3-2 എന്ന നിലയിൽ അവസാനിച്ചു.
20220223 182049

രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ ട്രാവങ്കൂർ വീണ്ടും കളി സമനിലയിൽ ആക്കി. ജോൺ ചിഡിയുടെ വക ആയിരുന്നു ഗോൾ. അതു കഴിഞ്ഞ് 51ആം മിനുട്ടിലെ ദിവാകറിന്റെ ഗോൾ കൂടെ വന്നതോടെ കളിയിൽ ട്രാവങ്കൂർ റോയൽസ് 4-3ന്റെ ലീഡിൽ എത്തി.

വീണ്ടും എം എ കോളേജിന്റെ തിരിച്ചടി. 57ആം മിനുട്ടിൽ മുഹമ്മദ് അജ്സലിലൂടെ അവർ വീണ്ടും സമനില നേടി. 78ആം മിനുട്ടിലെ സലാഹുദ്ദീന്റെ ഗോൾ എം എ കോളേജിന്റെ വിജയം ഉറപ്പിച്ചു. സലാഹുദ്ദീൻ കളിയിലെ താരമായും മാറി.

മൂന്ന് മത്സരങ്ങളിൽ നിന്ന് എം എ കോളേജിന്റെ ആദ്യ വിജയമാണിത്. ട്രാവൻ‌കൂർ റോയൽസിന് രണ്ടാമത്തെ തോൽവിയും.