കേരള പ്രീമിയർ ലീഗ് ഇന്ന് മുതൽ, ഇന്ന് കേരള യുണൈറ്റഡ് കെ എസ് ഇ ബിക്ക് എതിരെ

ഈ സീസണിലെ കേരള പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഇന്നാദ്യ മത്സരത്തിൽ കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് കേരള യുണൈറ്റഡ് കെ എസ് ഇ ബിയെ നേരിടും. വൈകിട്ട് 3.30ന് ആണ് മത്സരം നടക്കുക. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലീഗാണ് ഇത്തവണത്തേത്. ഇത്തവണ 22 ടീമുകൾ ആണ് കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഗ്രൂപ്പ് എയിലെ മത്സരങ്ങൾക്ക് ഇ എം എസ് സ്റ്റേഡിയം കോഴിക്കോടും, ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയവും വേദിയാകും. കുറച്ച് മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖർ സ്റ്റേഡിയത്തിലും നടക്കും. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് നടക്കുന്ന സമയത്ത് ലീഗിൽ ഇടവേള ഉണ്ടാകും. മത്സരം തത്സമയം സ്പോർട് കാസ്റ്റിന്റെ യൂടൂബിൽ കാണാം.