കേരള പ്രീമിയർ ലീഗ് 2018-19 സീസൺ ആരംഭം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെയാകും. ഡിസംബർ എട്ടിന് നടക്കുന്ന കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമാകും കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക.
ആദ്യ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമെ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ലീഗിലെ ഗ്രൂപ്പുകളും മറ്റു ഫിക്സ്ചറുകളും ഉടൻ തന്നെ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 14 ടീമുകൾ ആണ് ഇത്തവണ ലീഗിൽ പങ്കെടുക്കുക. കേരള പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയർ ലീഗ് കൂടിയാകും ഇത്. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങൾ തത്സമയം പ്രേക്ഷകരിൽ എത്തിക്കുക.
ഗോകുലം കേരള എഫ് സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.