കേരള പ്രീമിയർ ലീഗ് സെമിയും ഫൈനലും കോഴിക്കോട് വെച്ച് നടക്കും

കേരള പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ സെമി ഫൈനലിനും ഫൈനലിനുമുള്ള വേദി പ്രഖ്യാപിച്ചു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആകും സെമി ഫൈനലുകൾക്കും ഫൈനലിനും വേദിയാവുക. എന്നാൽ എന്നാകും സെമി ഫൈനലുകൾ നടക്കുക എന്ന് വ്യക്തമല്ല. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാതെ വിരസമായി മുന്നോട്ട് പോവുകയാണ് കേരള പ്രീമിയർ ലീഗ് ഇപ്പോൾ.

ഇന്ത്യൻ നേവിയുടെ മത്സരങ്ങൾ ആരംഭിക്കാൻ വൈകിയതാണ് ലീഗ് ഇങ്ങനെ നീണ്ടു പോകാനുള്ള കാരണം. ഗ്രൂപ്പ് ബിയിൽ നിന്ന് ഗോകുലം കേരള എഫ് സിയും എഫ് സി കേരളയും സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ യിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും സെമിയിൽ എത്തി. എന്നാൽ നാലാം സെമി ഫൈനലിസ്റ്റുകൾ ഇനിയും തീരുമാനിക്കപ്പെട്ടില്ല. ഗോകുലം കേരള എഫ് സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് സെമി ഫൈനലുകൾക്ക് വേദിയാകുന്ന കോഴിക്കോട് ഇം എം എസ് സ്റ്റേഡിയം.