കേരള യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി

Img 20210403 Wa0112

രാംകോ കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ ആണ് കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡ് വിജയം. എം എ കോളേജിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇന്ന് പെനാൾട്ടിയിലൂടെ ആണ് കേരള യുണൈറ്റഡ് ലീഡ് എടുത്തത്.

35ആം മിനുട്ടിൽ ബുജൈറിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൾട്ടി എടുത്ത ഫ്രാൻസിസ് ഡാഡ്സി എളുപ്പത്തിൽ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 84ആം മിനുട്ടിലാണ് കേരള യുണൈറ്റഡിന്റെ രണ്ടാം ഗോൾ പിറന്നത്. ഡാഡ്സി തന്നെയാണ് ഗോൾ സ്കോർ ചെയ്തത്. ഒരു മനോഹരമായ ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു ആ ഗോൾ. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ മുഹമ്മദ് ജിൻഷാദ് ആണ് എം എ കോളേജിന്റെ ആശ്വാസ ഗോൾ നേടിയത്.

നാലു മത്സരങ്ങളിൽ ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ് കേരള യുണൈറ്റഡ്. 7 പോയിന്റുള്ള എം എ കോളേജ് രണ്ടാം സ്ഥാനത്തു നിൽക്കുകയാണ്.