കേരള പ്രീമിയർ ലീഗ്: ഫുൾ ചാർജിൽ കെ.എസ്.ഇ.ബി, ഗോൾഡൻ ത്രെഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഗോൾഡൻ ത്രെഡ്സ് എഫ്.സിയെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് തകർത്തു. തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ കെ.എസ്.ഇ.ബി ലീഗിൽ സെമിസാദ്ധ്യതയും നിലനിത്തി. തുടർച്ചയായ തോൽവിയോടെ ത്രെഡ്സിന്റെ ഭാവി അടഞ്ഞു. കെ.എസ്.ഇ.ബിക്കായി എം.ജെ ജോനാസ് (3), എൽദോസ് ജോർജ് (10) എന്നിവർ ഗോൾ നേടി. മികച്ച മത്സരം കാഴ്ചവച്ചെങ്കിലും എതിർവല കുലുക്കാൻ ത്രെഡ്സിന്റെ താരങ്ങൾക്കായില്ല. ബാറിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത ത്രെഡ്സിന്റെ ഗോൾകീപ്പർ മുഹമ്മദ് ഫായിസാണ് കളിയിലെ താരം.

മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിടും മുമ്പ് ഗോൾഡൻ ത്രെഡ്സിന് കെ.എസ്.ഇ.ബി വക ആദ്യ ഷോക്കേറ്റു. മദ്ധ്യഭാഗത്ത് നിന്നും പന്തുമായ നീങ്ങിയ കെ.എസ്.ഇ.ബി മിഡ് ഫീൽഡർ പ്രതിരോധപ്പൂട്ട് പൊളിച്ച് നീട്ടി നൽകിയ പന്ത് മുന്നേറ്റ താരം ജോനാസ് എം. ജോൺ അനായാസം വലയിലെത്തിക്കുകയായിരുനു. തിരിച്ചടിക്ക് കോപ്പുകൂട്ടും മുമ്പ് ഗോൾഡൻ ത്രഡ്‌സിന്റെ വല വീണ്ടും കുലുങ്ങി. 10ാം മിനിറ്റിൽ മദ്ധ്യഭാഗത്ത് നിന്നു വലതുവിംഗിലേക്ക് നീട്ടിനൽകിയ പന്തു ഏറ്റുവാങ്ങിയ ജോനാസ് ഏറ്റുവാങ്ങിയ നൽകിയ ക്രോസ് എൽദോസ് ജോർജ് തട്ടി ഗോളാക്കുകയായിരുന്നു. പതിയെ താളം കണ്ടെത്തിയ ഗോൾഡൻ ത്രഡ് സ് താരങ്ങൾ കെ.എസ്.ഇ.ബിയുടെ ഗോൾ മുഖത്ത് ആക്രമണം അഴിച്ചു വിട്ടു. നിഖിൽ കെ.ഡി, ബിബിൻ അജയൻ, ദുലീപ് മേനോൻ എന്നിവരാണ് കെ.എസ്.ഇ.ബി ഗോൾകീപ്പർ ഷൈൻ ഖാന്‌ ഭീഷണിയായത്.

രണ്ടാം പകുതിയുടെ തുടക്കം കെ.എസ്.ഇ.ബി ലീഡ് ഉയർത്തിയെങ്കിലും ഓഫ് സൈഡ് വില്ലനായി. പിന്നീട് ഇരുടീമുകളും ഗോൾമുഖത്ത് മിന്നലാട്ടം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ത്രെഡ്സിന്റെ പ്രതീക്ഷകളെല്ലാം ക്രോസ് ബാറിലും പോസ്റ്റിലും തട്ടിയകന്നു.

ജയത്തോടെ 9 പോയിൻ്റ് നേടിയ കെ.എസ്.ഇ.ബി ഗ്രൂപ്പിലെ സെമി ബെർത്തിനുള്ള പോരാട്ടം ശക്തമാക്കി. കേരള യുണൈറ്റഡ് എഫ്സിക്കും 9 പോയിന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ യുണെറ്റഡാണ് മുന്നിൽ. ഇരു ടീമുകൾക്കും ഇനി ഓരോ മത്സരം വീതമാണ് അവശേഷിക്കുന്നത്. 10 പോയിൻ്റോടെ എം. എ അക്കാദമിയാണ് ഗ്രൂപ്പിൽ മുന്നിൽ. 13നു നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, കോവളം എഫ്സിയെ നേരിടും