കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് എഫ് സി തൃശ്ശൂരിനെ ആണ് പരാജയപ്പെടുത്തിയത്. എഫ് സി തൃശ്ശൂരിന്റെ ഹോമായ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. യുവതാരം ജിതിൻ എം എസിന്റെ ഇരട്ട ഗോളുകളാണ് മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റേതാക്കി കൊടുത്തത്.
കളിയുടെ 43ആം മിനുട്ടിൽ വിഷ്ണു രാജിലൂടെ തൃശ്ശൂർ മുന്നിൽ എത്തിയതായിരുന്നു. പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ ജിതിൻ ബ്ലാസ്റ്റേഴ്സിന് സമനില വാങ്ങിക്കൊടുത്തു. പിന്നീട് കളിയുടെ 86ആം മിനുട്ടിൽ വിജയ ഗോളും ജിതിൻ തന്നെ നേടി. ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് 12 പോയന്റാണ് ഉള്ളത്. ഗ്രൂപ്പിൽ ഒന്നാമതാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഇനി മൂന്ന് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്.