പ്രതീക്ഷ നൽകുന്നു ഈ യുവ കേരള ബ്ലാസ്റ്റേഴ്സ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം കേരള പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിര കേരളത്തിലെ ഏറ്റവും വലിയ ടീമിന്റെ നിർഭാഗ്യ പരമ്പരയ്ക്ക് ആണ് അവസാനം ഇട്ടത്. ഒരു കിരീടം ഇല്ലായെന്ന പരിഹാസം കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിന് എന്നും നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ട് തവണയാണ് ഐ എസ് എൽ എന്ന വലിയ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം കിരീടം കൈവിട്ടത്. ആ രണ്ടു തവണയും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഇറങ്ങുമ്പോൾ എതിരാളികൾക്ക് തുല്യരോ സാഹചര്യം കൊണ്ട് എതിരാളികൾക്ക് മേലെയോ ആയിരുന്നു.

പക്ഷെ കോഴിക്കോട് അതൊന്നും ആയിരുന്നില്ല അവസ്ഥ. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീമിന് അത്ര നല്ല തുടക്കം ആയിരുന്നില്ല കിട്ടിയത്. സെക്കൻഡ് ഡിവിഷൻ സ്ഥിരമായി കാലിടറുന്നത് കണ്ടു, കേരള പ്രീമിയർ ലീഗിന്റെ തുടക്കവും നല്ലതായിരുന്നില്ല. ലീഗിലെ ഏറ്റവും ദുർബലരായിരുന്ന കോവളത്തോടു വരെ പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എട്ടു മത്സരങ്ങളിൽ ആകെ ജയിക്കാൻ ആയത് മൂന്ന് മത്സരങ്ങൾ.

പക്ഷെ ഇതൊക്കെ ടീമിനെ ഒരു നല്ല ടീമായി മാറ്റാൻ ഉള്ള യാത്രയുടെ ഭാഗമായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച യുവതാരങ്ങളെ ഒക്കെ ഒരു നല്ല ടീമാക്കി മാറ്റാൻ ക്ലബിന്റെ അണിയറയിൽ ഉള്ളവർ എടുത്ത സമയം. കെ പി എൽ ലീഗ് ഘട്ടത്തിന്റെ അവസാനം എത്തുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ മെച്ചപ്പെടുന്നത് കാണാമായിരുന്നു. സെമിയിൽ സാറ്റ് തിരൂരിനെതിരെ തിരൂരിൽ വെച്ച് ഒരു ജയം നേടിയപ്പോൾ അത് ഫുട്ബോൾ നിരീക്ഷകർക്ക് ഉറപ്പായതാണ്.

പക്ഷെ അപ്പോഴും ഫൈനൽ എന്ന വെല്ലുവിളി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് കീഴ്പ്പെടുത്താൻ കഴിയാതിരുന്ന ഗോകുലം എന്ന അവരുടെ ഏറ്റവും വലിയ വൈരികൾ. കളിക്കേണ്ടത് ഗോകുലത്തിന്റെ സ്ഥിര മൈതാനമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച്. ഗോകുലം തന്നെയാണ് കപ്പ് അടിക്കാൻ പോകുന്നത് എന്ന് പലരും മത്സരത്തിനു മുമ്പ് തന്നെ വിധി എഴുതി.

മൂന്ന് വിദേശ താരങ്ങളെ ആദ്യ ഇലവനിൽ അണിനിരത്തി ആയിരുന്നു ഗോകുലം ഫൈനലിന് ഇറങ്ങിയത്. മുഴുവൻ ഇന്ത്യൻ ടാലന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സും. പക്ഷെ ഫൈനലിൽ താരങ്ങളുടെ വലുപ്പമല്ല ഗ്രൗണ്ടിൽ ആര് ഒരു ടീമെന്ന നിലയിൽ കൂടുതൽ അധ്വാനിക്കുന്നോ അവർക്കാണ് വിജയം എന്ന തത്വം കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ സത്യമാക്കി. “ടാലന്റിൽ നിങ്ങൾ ഗ്രൗണ്ടിൽ രണ്ടാമത് ആകുന്നത് എനിക്ക് പ്രശ്നമല്ല വർക്ക്റേറ്റിൽ ഒരു ടീമിനും പിറകിലാവരുത് തന്റെ ടീം” എന്ന സർ അലക്സ് ഫെർഗൂസന്റെ വാക്കുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ കാണിച്ചത്.

രണ്ട് തവണ പിറകിൽ ആയിട്ടും തിരിച്ചടിച്ച് 120 മിനുട്ടും കേരള ബ്ലാസ്റ്റേഴ്സ് പൊരുതി നിന്നു. ഏരിയൽ ബോളുകൾ വെച്ച് ഫിസിക്കലായി കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളെ മറികടക്കാനും ഗോകുലം ശ്രമിച്ചു എങ്കിലും അവിടെയും ഫലം കണ്ടെത്താൻ ആയില്ല. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു പറ്റം ആരാധകരുടെ പ്രതീക്ഷകൾ കാത്ത് കേരള ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തി. കിരീടമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എന്ന വിളികൾക്ക് അവസാനമിട്ട പ്രകടനം.

ഈ വിജയത്തിലെ പങ്ക് മലയാളി താരങ്ങൾ അടക്കമുള്ള ഇന്ത്യയിലെ മികച്ച ടാലന്റുകളെ ഈ ടീമിൽ എത്തിച്ച് മിനുക്കിയെടുത്ത ഒഫീഷ്യൽസിന് കൂടിയുള്ളതാണ്. പരിശീലകൻ രഞ്ജിത് അവസാന കുറച്ച് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് ഒപ്പം പ്രവർത്തിക്കുന്നുണ്ട്. 2018ൽ അണ്ടർ 18 ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ദേശീയ തലത്തിൽ ഫൈനലിൽ എത്തിയപ്പോൾ രഞ്ജിത് ആയിരുന്നു അണ്ടർ 18 ടീമിന്റെ പരിശീലകൻ.

ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം മാനേജർ ഹിദായത്ത് റാസിയും കയ്യടികൾ അർഹിക്കുന്നു. 2018ന്റെ അവസാനം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമുകളുടെ ചുമതല ഏറ്റെടുത്ത റാസി ടീമിനെ മുന്നോട്ട് മാത്രമാണ് കൊണ്ടുവന്നത്. മുമ്പ് ഗോകുലം കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുമ്പോൾ അവരുടെ യുവനിരയ്ക്ക് ഒപ്പം ഉണ്ടായിരുന്ന റാസി ഇന്ന് മറ്റൊരു യുവനിരയുടെ കിരീട നേട്ടത്തിലും ചുക്കാൻ പിടിച്ചിരിക്കുകയാണ്. ഇനി ഈ യുവനിരയെ സീനിയർ ടീമിന്റെ ഭാഗമാക്കി വളർത്തുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. അതിനു വേണ്ടിയാകും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും കാത്തിരിക്കുന്നത്.