കേരള പ്രീമിയർ ലീഗ് ഇന്ന് തുടങ്ങും, ആദ്യ ദിവസം രണ്ട് മത്സരങ്ങൾ

Newsroom

Picsart 22 11 24 01 23 50 934
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍ കേരള പ്രീമിയർ ലീഗ് (കെപിഎല്‍) 2022-23 സീസണ് ഇന്ന് കിക്കോഫ്. ഇന്ന് വൈകിട്ട് 3.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. കോട്ടപ്പടിയഎ മത്സരത്തില്‍ ഗ്രൂപ്പ് എ ടീമുകളായ സാറ്റ് തിരൂരും കേരള യുണൈറ്റഡ് എഫ്‌സിയും നേർക്കുനേർ വരും.

അതേ സമയം തന്നെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ കേരള പൊലീസ്, മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയെയും നേരിടും. എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയമാണ് കെപിഎലിന്റെ മറ്റൊരു വേദി. 2022 ഡിസംബര്‍ 9നാണ് ഇവിടെ ആദ്യ മത്സരം.

Picsart 22 11 24 01 23 34 048

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇത്തവണ കെപിഎല്‍ കിരീടത്തിനായി മത്സരിക്കുന്നത്. ഗോൾഡൻ ത്രഡ്സ് ആണ് നിലവിലെ കെ പി എൽ ചാമ്പ്യന്മാർ. കെപിഎല്‍ യോഗ്യത റൗണ്ട് ജയിച്ചെത്തിയ പയ്യൂന്നൂര്‍ കോളജ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എംകെ സ്‌പോര്‍ട്ടിങ് ക്ലബ്ബ് എന്നിവയാണ് ഈ സീസണിൽ ലീഗിൽ അരങ്ങേറുന്ന ടീമുകൾ.

സാറ്റ് തിരൂര്‍, എംകെ സ്‌പോര്‍ട്ടിങ് ക്ലബ്ബ്, റിയല്‍ മലബാര്‍ എഫ്‌സി കാലിക്കറ്റ്, ബാസ്‌കോ ഒതുക്കുങ്ങല്‍, വയനാട് യുണൈറ്റഡ് എഫ്‌സി, ലൂക്കാ സോക്കര്‍ ക്ലബ്ബ്, കേരള യുണൈറ്റഡ് എഫ്‌സി, എസ്സാ എഫ്‌സി അരീക്കോട് എന്നീ 8 ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ് ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ 7 ടീമുകളാണുള്ളത്. മുത്തൂറ്റ് എഫ്എ, കേരള പൊലീസ്, ഗോകുലം കേരള എഫ്‌സി, എഫ്‌സി കേരള, ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, ഡോണ്‍ ബോസ്‌കോ എഫ്എ, പറപ്പൂര്‍ എഫ്‌സി.

7 ടീമുകളാണ് സി ഗ്രൂപ്പില്‍ ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, കോവളം എഫ്‌സി, ട്രാവന്‍കൂര്‍ റോയല്‍ എഫ്‌സി, ലിഫ, കെഎസ്ഇബി, പയ്യന്നൂര്‍ കോളജ്, സായി. എ ഗ്രൂപ്പില്‍ 28 മത്സരങ്ങളും ബി,സി ഗ്രൂപ്പുകളില്‍ 21 മത്സരങ്ങള്‍ വീതവും നടക്കും.

20221124 012219

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് സൂപ്പര്‍ സിക്‌സ്, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും ലീഗിന്റെ അവസന ഘട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും 6 മത്സരങ്ങള്‍ വീതം കളിക്കും. ആകെ 70 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്‌സ് മത്സരങ്ങള്‍ക്ക് യോഗ്യത നേടും. ഇവിടെ ഓരോ ടീമും 5 മത്സരങ്ങള്‍ വീതം കളിക്കും. മികച്ച നാല് ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഹോം, എവേ അടിസ്ഥാനത്തില്‍ രണ്ടു പാദങ്ങളിലായിട്ടായിരിക്കും സെമിഫൈനല്‍ മത്സരങ്ങള്‍. തുടര്‍ന്ന് ഫൈനല്‍.

സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കെപിഎല്‍ 2022-23 സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. നിവിയ (ഒഫീഷ്യല്‍ ബോള്‍ ആന്‍ഡ് കിറ്റ് പാര്‍ട്ണര്‍), റേഡിയോ മാംഗോ (ഒഫീഷ്യല്‍ റേഡിയോ പാര്‍ട്ണര്‍), ഫാന്‍കോഡ് (ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റ് പാര്‍ട്ണര്‍) എന്നിവയാണ് മറ്റു സ്‌പോണ്‍സര്‍മാര്‍. മത്സരം ഫാൻകോഡ് ആപ്പിൽ കാണാം.