ബംഗാളിനെതിരെ തിരിച്ചടിച്ച് കേരള പോലീസ് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളിന്റെ സെമിയിൽ നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫും രണ്ടാം സ്ഥാനക്കാരായ പഞ്ചാബും തമ്മിലും 2103ലെ ജേതക്കളായ കേരള പോലീസും സിആര്‍പിഎഫും തമ്മിലും ഏറ്റുമുട്ടും. സെമിഫൈനല്‍ നാളെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ 5നും 7.30നും നടക്കും. ഇന്ന് ബംഗാളിനെ 2-1ന് തോൽപ്പിച്ചാണ് കേരളം സെമിയിൽ എത്തിയത്. കേരള പോലീസിന് വേണ്ടി 48-ാംമിനിറ്റില്‍ ജിംഷാദും 85-ാം മിനിറ്റില്‍ അഖില്‍ജിതുമാണ് ഗോള്‍ നേടിയത്.

കേരള പോലീസ് -ബംഗാള്‍ പോലീസ് മത്സരം ബംഗാളിന്റെ ടച്ചോടെയാണ് ആരംഭിച്ചത്. കളി തുടങ്ങി 7 – ാം മിനിറ്റില്‍ കേരള പോലീസ് ഞെട്ടി. ഡിഫന്‍സിലെ പിഴവ് സെല്‍ഫ് ഗോളായി മാറി. പ്രതിരോധനിരക്കാരന്‍ വിപിന്‍ തോമസിന്റ തലയില്‍ തട്ടി പോസ്റ്റിലേക്ക് കയറിയപ്പോള്‍ മുന്നോട്ടു കയറി നിന്ന ഗോളി നിഷാദിന് ഒന്നും ചെയ്യാനായില്ല. പിന്നീട് തുടരെയുള്ള ആക്രമണത്തില്‍ മൂന്ന് കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സുജില്‍ കിടിലന്‍ ഷോട്ട കീപ്പര്‍ പിടിച്ചെടുത്തു. ജിമ്മിയുടെ ഷോട്ടും ഉയര്‍ന്ന് പോയി. ജിംഷാദിന്റെയും ഫിറോസിന്റേയും മുന്നേറ്റവും പ്രതിരോധനിരയും കീപ്പറും തടഞ്ഞു. 40-ാം മിനിറ്റില്‍ അനീഷിന്റെ പ്രീകിക്കും ഉയര്‍ന്നു പോയി.

രണ്ടാം പകുതിയില്‍ കേരള പോലീസ് പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി. സുജിലിനെ ഗോള്‍കീപ്പര്‍ സൗമ്യ ഘോഷ് വീഴ്ത്തിയതിന് ലഭിച്ച സ്‌പോട്ട് കിക്ക് ജിംഷാദ് ഒരവസരവും നല്‍കാതെ വല തുളച്ചു.(1-1) ലീഡ് നേടാനുള്ള രണ്ടവസരവും പീന്നീട് പാഴായി. ഷനൂപിന്റെ പാസില്‍ സുജില്‍ നല്‍കിയ സുപ്പര്‍ ക്രോസ് ഗോള്‍പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷ്യം തെറ്റി. വീണ്ടും ജിംഷാദ് മധ്യവരയില്‍ നിന്നും ഒറ്റക്ക് മുന്നേറി പെനാല്‍റ്റി ബോക്‌സിലേക്ക സുജിലിന് കൈമാറിയെങ്കിലും ബംഗാള്‍ പ്രതിരോധനിര ഒഴിവാക്കി. ഇതിനിടെ ജിംഷാദിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്കും മുതലാക്കാനായില്ല. അവസാനം തുടരെയുള്ള ആക്രമണത്തിനിടെ കേരളം ലീഡ് നേടി. സുജിലിന്റെ ഇടത് വശത്ത നിന്നുള്ള കൃത്യമായ ക്രോസില്‍ അഖില്‍ജിത് ഉഗ്രന്‍ ഷോ്‌ട്ടോടെ വലകുലുക്കി(2-1)യപ്പോള്‍ കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി. ഗോള്‍ മടക്കാനുള്ള ബംഗാളിന്റെ ശ്രമം പ്രതിരോധനിരയുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവാക്കി.

നിലവിലുള്ള ചംപ്യന്മാരായ ബിഎസ്എഫ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആസാം റൈഫിള്‍സിനെ തോല്‍പിച്ചാണ് സെമിയിലെത്തിയത്. ബിഎസ്എഫ് ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ എസ് എ നീലാംബറും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന നീലാമ്പറിന്റെ വെടിയുണ്ട റൈഫിള്‍സ് കീപ്പറുടെ കൈയ്യില്‍തട്ടി പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. (1-0).രണ്ടാം പകുതിയില്‍ കമാല്‍ കിഷോര്‍ ഡൈലിങ് ഹെഡ്ഡറിലുടെയും രണ്ടാം ഗോളും പി എച്ച് ബോയ് സിങ് മൂന്നാം ഗോളും നേടി. ആസാം റൈഫിള്‍സിന്റെ മുന്നേറ്റം ദുര്‍ബല ഷോട്ടിലൂടെ തുലച്ചു.

പഞ്ചാബ് മിസോറാമിനെ എക്‌സ്ട്രാ ടൈമിലൂടെ നേടിയ ഏക ഗോളിന് മറികടന്നാണ് സെമിയിലെത്തിയത്. ജഗത് സിങ് ആണ് വിജയ ഗോളിനുടമ. നിശ്ചിത സയമത്ത് ഇരു ടീമുകളും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. സിആര്‍പിഎഫ് മറുപടിയില്ലാത്ത ഒരു ഗോളിന് സിഐഎസ്എഫിനേയാണ് തോല്‍പിച്ചത്.