ഇന്ന് ആദ്യ കേരള ഡർബി, കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേർക്കുനേർ

Newsroom

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്ന്. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേർക്കുനേർ വരുന്ന ആദ്യ കേരള ഡർബി ഇന്ന് നടക്കും. ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്ലബുകൾ നേർക്കുനേർ വരുന്നത്. ഇരു ക്ലബുകളുടെയും റിസേർവ്സ് ടീമുകൾ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ദേശീയ തലത്തിൽ ഇരു ക്ലബുകളുടെയും സീനിയർ ടീമുകൾ നേർക്കുനേർ വരുന്നത് ഇതാദ്യമാകും.

Picsart 23 08 12 13 35 09 045

ഈ ഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാകും ഇത്. ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, ഇന്ത്യൻ എയർ ഫോഴ്സ് എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗോകുലം കേരള ആദ്യ മത്സരത്തിൽ എയർ ഫോഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. സൗരവും ശ്രീകുട്ടനുമാണ് ഗോളുകൾ നേടിയത്. വിജയം തുടരാൻ ആകും ഗോകുലം ശ്രമിക്കുക.

Picsart 23 08 12 13 35 28 477

വിജയത്തോടെ സീസൺ ആരംഭിക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ലൂണ, ദിമി, ലെസ്കോവിച്, ജസ്റ്റിൻ എന്നീ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്‌. പ്രിതം കോട്ടാൽ, പ്രബീർ ദാസ്, നവോച തുടങ്ങിയ പുതിയ സൈനിംഗുകളും ഇന്ന് ടീമിന്റെ ഭാഗമാകും. കഴിഞ്ഞ ദിവസം ക്ലബിൽ എത്തിയ ഇഷാൻ പണ്ഡിതയും ഡ്യൂറണ്ട് കപ്പ് സ്ക്വാഡിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് ഉച്ചക്ക് 2.30ന് കൊൽക്കത്തയ വെച്ചാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.