യുവ ഇന്ത്യൻ അണ്ടർ 19 ഇന്റർനാഷണൽ താരം സുമിത് ശർമ്മയെ ക്ലബ്ബിന്റെ ഭാഗമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ക്ലാസിക് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ഈ 18 വയസ്സുകാരൻ മണിപ്പൂർ സെന്റർ ബാക്ക് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. യൂത്ത് ഫുട്ബോളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

2023-24 എഐഎഫ്എഫ് അണ്ടർ 17 യൂത്ത് ലീഗിൽ ക്ലാസിക് എഫ്എയുടെ കിരീട വിജയത്തിൽ സുമിത് നിർണായക പങ്ക് വഹിച്ചിരുന്നു. സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. ഈ വർഷം അരുണാചൽ പ്രദേശിൽ നടന്ന സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോഴും തന്റെ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ച് സുമിത് പ്രധാന പങ്ക് വഹിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഭാവി താരമായിട്ടാണ് കാണുന്നത്.