കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഇന്നലെ മഞ്ഞക്കടലായിരുന്നു. ചിരവൈരികളായ ബെംഗളൂരു എഫ് സിയുമായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിൽ, കളി കാണാൻ എത്തിച്ചേർന്ന കാണികളുടെ അളവ് സൂപ്പർകപ്പ് സംഘാടകരെ തന്നെ ഞെട്ടിച്ച അവസ്ഥയിലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദ ഫ്രീകിക്കിനെ ചൊല്ലിയുള്ള തർക്കവും, ടീമിന്റെ കളത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കും, ശേഷം ഇവാൻ വുക്കോമനോവിച്ചിനും സംഘത്തിനും കിട്ടിയ പിഴയും സസ്‌പെൻഷനും ഒക്കെയായി ആകെ സംഭവബഹുലമായിരുന്നു ഈ കഴിഞ്ഞ ഏതാനും മാസങ്ങൾ. അതിന്റെ ചൂടിൽ നിന്ന കേരളാ ബ്ലാസ്റ്റേഴ്സിനും, അവരുടെ ആരാധകക്കൂട്ടത്തിനും ബംഗളുരു എഫ് സിയെ തിരിച്ചു നോവിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ഞായറാഴ്ച നടന്ന ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് ഏയിലെ അവസാന മത്സരം. അതും കേരളത്തിൽ, തങ്ങളുടെ മണ്ണിൽ വച്ച് പകരം ചോദിക്കാൻ കിട്ടിയ സുവർണ്ണാവസരം!
എന്നാൽ ആ കിട്ടിയ അവസരം മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചുവോ എന്നുള്ള ചോദ്യം വന്നാൽ രണ്ടഭിപ്രായം വന്നേക്കാം. അത്ര മികച്ചൊരു മത്സരമല്ല കാണികൾക്ക് ബ്ലാസ്റ്റേഴ്‌സ് സമ്മാനിച്ചത് എങ്കിലും കളികാണാൻ എത്തിയ ജനസാഗരത്തിനു കോഴിക്കോട് സ്റ്റേഡിയത്തെ പഴയ പ്രതാപത്തിലേയ്ക്ക് ഒന്ന് തിരികെ കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് വാസ്തവമാണ്.
മുപ്പത്തിയെട്ടായിരം കാണികളേ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ ഏറെക്കുറെ എല്ലാ ഇടവും ആരാധകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഒഫീഷ്യൽ അറ്റൻഡൻസ് ഒരു വലിയ സംഖ്യ തന്നെയായിരിക്കും എന്ന പ്രതീക്ഷയിൽ ഇരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിനിടയിൽ സ്റ്റേഡിയം അന്നൗൺസ്‌മെന്റ് എത്തുന്നു; “പ്രിയമുള്ളവരേ, ഇന്നത്തെ മത്സരം വീക്ഷിക്കാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്ന കാണിക്കളുടെ എണ്ണം: 22656”!
ഇരുപത്തിരണ്ടായിരം കാണികൾ എന്നത് ചെറിയൊരു സംഖ്യയല്ല എങ്കിലും, ഇന്നലെ സ്റ്റേഡിയത്തിൽ വന്നുചേർന്ന കാണികളുടെ എണ്ണത്തോട് തീരെ നീതിപുലർത്താത്ത ഒരു സംഖ്യയായി അത് മാറിപ്പോയിരുന്നു. മത്സരശേഷം മാധ്യമപ്രവർത്തകരും കാണികളുമൊക്കെയും ഈ കണക്കിൽ സംശയം പ്രകടിപ്പിച്ചു മുന്നിലേയ്ക്ക് വന്നിരുന്നെങ്കിലും ആർക്കും തന്നെ അതിലെ ലോജിക്ക് പിടികിട്ടിയിരുന്നില്ല. നിറഞ്ഞു കവിഞ്ഞ ഗ്യാലറിയിൽ മുപ്പത്തിനായിരത്തിനും മുകളിൽ കാണികൾ തീർച്ചയായും ഉണ്ടാവും എന്ന ഊഹം ശരിവച്ചുകൊണ്ട് ഒഫീഷ്യൽ അറ്റൻഡൻസ് കുരുക്കിന്റെ ചുരുൾ അഴിക്കുകയാണ്?:
സൂപ്പർ കപ് സ്റ്റേഡിയം അറ്റൻഡൻസ് എന്നത് ഒരു “ഏറെക്കുറേ” കണക്കായാണ് നമ്മൾ കാണേണ്ടത്. അതിനു വിവിധ കാരണങ്ങൾ ഉണ്ട്;
വിൽപ്പനയ്ക്ക് വച്ചിരുന്ന ടിക്കറ്റുകളുടെ ഒപ്പം സംഘാടകസമിതി സൗജന്യമായി മത്സരം വീക്ഷിക്കാനുള്ള കോംപ്ലിമെന്ററി പാസുകൾ ധാരാളം വിതരണം ചെയ്തിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. വിറ്റുപോയി എന്നുറപ്പുള്ള ടിക്കറ്റുകളുടെ ആകെ എണ്ണം മാത്രമാണ് മേൽപ്പറഞ്ഞ 22,656 എന്ന് സാരം. കൂടാതെ സ്റ്റേഡിയത്തിൽ ടിക്കറ്റ് ചെക്കിങ്ങിന് അത്യാധുനിക സ്കാനിങ് ഉപകരണങ്ങളോ മറ്റോ ഭാഗികമായി ഉപയോഗത്തിൽ ഉണ്ടായിരുന്നുമില്ല. അതിനാൽ തന്നെ സ്റ്റേഡിയം ഗ്യാലറിയിലേയ്ക്ക് പ്രവേശിച്ച ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കുവാൻ കഴിയുന്നതുമല്ല. എങ്കിലും, എല്ലാ മത്സരങ്ങളിലും തുടരുന്ന അതെ പതിവ് പ്രകാരം ഒരു “ഏറെക്കുറെ” കണക്കിലാണ് സ്റ്റേഡിയം അന്നൗൺസ്‌മെന്റ് വന്നത്. അതിനാൽ തന്നെ കാണികളിൽ സംശയമുണ്ടായാലും തെറ്റുപറയാൻ സാധിക്കുകയില്ല.
കേരളം കാത്തിരുന്ന പോരാട്ടങ്ങളിൽ ഒന്നുതന്നെയായിരുന്ന ഈ മത്സരത്തിൽ “ഏറെക്കുറെ” മുപ്പത്തിനായിരത്തിനും മുകളിൽ കാണികൾ ഉണ്ടായിരുന്നു എന്ന് തീർച്ചയായും അനുമാനിക്കാം. സമ്മോഹനമായ ഒട്ടനവധി ടൂർണ്ണമെന്റുകൾക്ക് വേദിയായ ഈ എം എസ് കോർപ്പറേഷൻ സ്റ്റേഡിയം, കാലങ്ങൾക്ക് ശേഷമാണ് ഇത്രയും കാണികളാൽ നിറയുന്നത്. സാധാരണഗതിയിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന മഞ്ഞപ്പടക്കൂട്ടം ഇത്തവണ കോഴിക്കോട്ട് മികച്ച രീതിയിൽ തന്നെ തങ്ങളുടെ താരങ്ങളെ പിന്തുണയ്ക്കാൻ എത്തിച്ചേർന്നു. സ്റ്റേഡിയം പരിസരത്തു മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം മൊബൈൽ നെറ്റവർക്ക് പോലും മത്സരസമയത്തു ജാമായിരുന്നു.