പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയ ടോട്ടൻഹാം ഫോർവേഡ് ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി ലഭിച്ചു. സിയോൾ ലോകകപ്പ് സ്റ്റേഡിയത്തിൽ ഇന്നലെ ബ്രസീലിനെതിരായ ദക്ഷിണ കൊറിയയുടെ സൗഹൃദമത്സരത്തിന് മുമ്പായാണ് കൊറിയം പ്രസിഡന്റ് യൂൻ സുക്-യോൾ മെഡൽ നൽകിയത്.
നേരത്തെ രണ്ട് തവണ ഒളിമ്പിക്‌സ് സ്വർണം നേടിയ ഫിഗർ സ്‌കേറ്റർ യുന കിം, ഗോൾഫ് താരം പാക് സെ-റി എന്നിവരും ഈ മെഡൽ നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 23 ഗോളുകൾ നേടിയ ശേഷം സോൺ ലിവർപൂളിന്റെ മുഹമ്മദ് സലായുമായി ഗോൾഡൻ ബൂട്ട് പങ്കിട്ടിരുന്നു. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ കളിക്കാരൻ ഗോൾഡൻ ബൂട്ട് നേടുന്നത്.