അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കിന്ന് രണ്ടാം മത്സരദിനം. ആദ്യമത്സരത്തിൽ ലോകോത്തര സംഘമായ അമേരിക്കയോട് എതിരില്ലാത്ത എട്ട് ഗോളുകൾ വഴങ്ങിയതിന്റെ ക്ഷീണവും ഭാരവും താഴെയിറക്കിയാണ് ഇന്ത്യയ്ക്ക് മൊറോക്കോയെ നേരിടേണ്ടത്. ആദ്യമത്സരത്തിൽ ബ്രസീൽ ആയിരുന്നു മൊറോക്കോയുടെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോൾ മാത്രമാണ് അവർ സാംബ നർത്തകരോട് വഴങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കിന്നും നേരിടേണ്ടത് ചെറിയ ടീമിനെയല്ല എന്ന് അനുമാനിക്കാം.
അമേരിക്കയ്ക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തങ്ങളുടെ പ്ലാനിന്റെ ചെറിയ അംശങ്ങളല്ലാതെ മറ്റൊന്നും കളത്തിൽ കാണിക്കാൻ സാധിച്ചില്ലെന്നത് വ്യക്തമാണ്. 79% ബോൾ പൊസിഷൻ അമേരിക്കയ്ക്കായിരുന്നു എന്ന കണക്ക് തന്നെ അമേരിക്കയുടെ സർവ്വാധിപത്യത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യൻ കുട്ടികളുടെ കാലിലേക്ക് പന്തെത്തിയാൽ തന്നെ ഉടനടി റാഞ്ചിയെടുക്കുന്നതിലും യാങ്കിപ്പട വിജയം കണ്ടെത്തി. നീണ്ട കാലുകളിൽ അപാരമായ പന്തടക്കം പ്രകടിപ്പിച്ച അമേരിക്കൻ സംഘം എല്ലാ അർത്ഥത്തിലും ഇന്ത്യയെ ഹതാശരാക്കിയിരുന്നു. നേഹയുടെയും ലിൻഡ കോമിന്റെയും ഒറ്റപ്പെട്ട ആക്രമണ നീക്കങ്ങൾ മാത്രമായിരുന്നു കാണികൾക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.
ഇന്ത്യയ്ക്ക് അവസാന മത്സരം.ബ്രസീലിനെതിരെയാണ് എന്നതുകൊണ്ടുതന്നെ, എല്ലാ കഴിവും പുറത്തെടുക്കേണ്ട മത്സരമാണിന്ന് മൊറോക്കോയ്ക്കെതിരെ നടക്കുന്നത്. ഒരു സമനില ലഭിച്ചാൽ, ഒരു ഗോളടിക്കാൻ കഴിഞ്ഞാൽ അതുതന്നെ വിജയമായി കാണാൻ യാഥാർഥ്യ ബോധമുള്ള ആരാധകർ തയ്യാറാകും. ആതിഥേയ രാഷ്ട്രമാണ് എന്നതുകൊണ്ടുതന്നെ, പ്രതീക്ഷയുടെ അമിതഭാരം ഇന്ത്യൻ കുട്ടികൾക്ക് മേലെയില്ല. ഉള്ളതോ, ലോകം ഉറ്റുനോക്കുന്ന ടൂർണമെൻറിൽ ഏറ്റവും മികച്ച പ്രകടനം നടത്തി വലിയ ക്ലബുകളുടെ ശ്രദ്ധയാകർഷിക്കാനും ദേശീയ സീനിയർ ടീമിൽ ഇടം പിടിക്കാനുമുള്ള അവസരവും.
മൊറോക്കോയ്ക്കെതിരെയുള്ളത് മികച്ച അവസരമാണെന്നാണ് ഇന്ത്യൻ കോച്ച് തോമസ് ഡെന്നർബി വിലയിരുത്തുന്നത്. ഗോളടിക്കാനും പോയിന്റ് സ്വന്തമാക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതാത് നിമിഷങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതിരുന്നതാണ് യു എസ് എക്കെതിരെ സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മൊറോക്കോയുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെ പ്രശംസിക്കാനും ഡെന്നർബി മറന്നില്ല. ബോൾ ഹോൾഡ് ചെയ്യാൻ അറച്ചു നിൽക്കുകയാണെങ്കിൽ തോൽവി സുനിശ്ചിതമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ കാണികൾക്ക് നിരാശ സമ്മാനിച്ചെങ്കിലും, ഇത്തവണ ഇന്ത്യയ്ക്ക് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനം നടത്താനാണ് ഡെന്നർബിയുടെ ആഗ്രഹവും പരിശ്രമവും. അദ്ദേഹത്തിനും കുട്ടികൾക്കും അതിനായി സാധിക്കട്ടെ എന്ന് നമുക്കും പ്രതീക്ഷ വെക്കാം. ഞങ്ങൾ നിലാദ്രി വിഹാറിലെ ആദിത്യ റെസിഡൻസിയിൽ നിന്നും ഇറങ്ങുകയാണ്. രാത്രി 8 മണിക്ക് ടി.വി ക്ക് മുന്നിൽ നിങ്ങളും ഉണ്ടാവുമല്ലോ.