അത്‍ലറ്റിക്കോ മാഡ്രിഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് താരം ജോണി കാർഡോസോയെ റയൽ ബെറ്റിസിൽ നിന്ന് സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23-കാരനായ ഈ മിഡ്ഫീൽഡർ 2030 വരെ നീളുന്ന കരാറിൽ ഒപ്പുവെച്ചു. ബ്രസീലിലെ അവായ്, ക്രിസിയുമ എന്നി ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് കാർഡോസോയുടെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2019-ൽ ഇന്റർനാഷണലിനായി പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു. ബ്രസീലിയൻ ക്ലബ്ബിനായി 144 മത്സരങ്ങൾ കളിച്ചു. 2023-24 വിൻ്റർ ട്രാൻസ്ഫർ വിൻഡോയിലാണ് അദ്ദേഹം റയൽ ബെറ്റിസിൽ ചേർന്നത്.
ബെറ്റിസിലെ തന്റെ കാലയളവിൽ, മാനുവൽ പെല്ലെഗ്രിനിയുടെ ടീമിന്റെ അവിഭാജ്യ ഘടകമായി കാർഡോസോ മാറി. UEFA കോൺഫറൻസ് ലീഗ് ഫൈനലിൽ എത്താൻ അദ്ദേഹം ടീമിനെ സഹായിച്ചു.
അന്താരാഷ്ട്ര തലത്തിൽ, 2020-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കാർഡോസോ യുഎസ് പുരുഷ ദേശീയ ടീമിനായി 22 തവണ കളിച്ചു. 2023 ലും 2024 ലും CONCACAF നേഷൻസ് ലീഗ് കിരീടങ്ങൾ നേടിയ ടീമുകളിൽ അദ്ദേഹം അംഗമായിരുന്നു.