പോർച്ചുഗീസ് പ്രതിരോധ താരം ജോവോ കാൻസെലോ എഫ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തി. സൗദി ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം സീസൺ അവസാനം വരെ ബാഴ്‌സയിൽ കളിക്കുക. തന്റെ പ്രിയപ്പെട്ട രണ്ടാം നമ്പർ ജേഴ്‌സി തന്നെയാകും അദ്ദേഹം ഇത്തവണയും അണിയുക. 2023/24 സീസണിൽ ലോണിൽ ബാഴ്‌സലോണയ്ക്കായി കളിച്ച കാൻസെലോ 42 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

ആ സീസണിന് ശേഷം അൽ ഹിലാലിലേക്ക് മാറിയ താരം അവിടെ 45 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തുന്നത്. ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെയും ഡെക്കോയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിടൽ ചടങ്ങുകൾ നടന്നത്.
ബെൻഫിക്ക, വാലൻസിയ, ഇന്റർ മിലാൻ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച വലിയ പരിചയസമ്പത്തുമായാണ് കാൻസെലോ വരുന്നത്. ഇത് പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ കീഴിലുള്ള ടീമിന് വലിയ കരുത്താകും. ജനുവരി 15-ന് റേസിംഗ് സാന്റാൻഡറിനെതിരായ കോപ്പ ഡെൽ റേ മത്സരവും, 18-ന് റയൽ സോസിഡാഡിനെതിരായ ലാ ലിഗ മത്സരവും ഉൾപ്പെടെയുള്ള തിരക്കേറിയ ഷെഡ്യൂൾ ബാഴ്‌സലോണയ്ക്ക് മുന്നിലുണ്ട്.









