കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും സ്പാനിഷ് മുന്നേറ്റനിര താരം ജീസസ് ജിമെനെസും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. തിങ്കളാഴ്ചയാണ് ക്ലബ്ബ് ജിമെനെസിന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചത്. കൊച്ചിയിലെ അദ്ദേഹത്തിന്റെ സേവനത്തിന് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ജീസസ്.

ഹൃദയസ്പർശിയായ ഒരു സന്ദേശത്തിൽ, ജീസസ് ഇത് ഒരു “പ്രയാസകരമായ ഒരു തീരുമാനം” എന്ന് വിശേഷിപ്പിച്ചു. തനിക്ക് നൽകിയ പിന്തുണയ്ക്കും തന്നെ മനസ്സിലാക്കിയതിനും ബ്ലാസ്റ്റേഴ്സിനും മാനേജ്‌മെന്റ് ടീമിനും ജീസസ് ജിമെനെസ് നന്ദി അറിയിച്ചു.
“എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ, ഇടവേളകളില്ലാതെ സ്ഥിരമായി കളിക്കുന്നത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ വിഷയം കൈകാര്യം ചെയ്തതിൽ ക്ലബ്ബിന്റെ പ്രൊഫഷണലിസത്തെയും സത്യസന്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. കുറഞ്ഞ കാലയളവിൽ എനിക്ക് സ്നേഹം ചൊരിഞ്ഞ അനേകം ആരാധകരുടെ നല്ല ഓർമ്മകളോടെ ഞാൻ പോകുന്നു.” അദ്ദേഹം കുറിച്ചു.
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി 11 ഗോളുകളും ഒരു അസിസ്റ്റും ജീസസ് നേടിയിരുന്നു.