ലോകകപ്പിലെ അതിഗംഭീര പ്രകടനത്തിനു പിറകെ ജമാൽ മുസ്യാലക്ക് ബയേണിൽ പുതിയ കരാർ ഒരുങ്ങുന്നു. താരത്തിന്റെ നിലവിലെ കരാർ 2026 വരെ ഉണ്ടെങ്കിലും അടുത്ത വർഷം തന്നെ പുതിയ കരാർ നൽകി മുസ്യാലയെ ദീർഘകാലത്തേക്ക് ടീമിൽ ഉറപ്പിച്ചു നിർത്താൻ ആണ് ബയേണിന്റെ പദ്ധതി. സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും പന്ത്രണ്ട് ഗോളും ഒൻപത് അസിസ്റ്റും പത്തൊൻപതുകാരൻ നേടിക്കഴിഞ്ഞു. മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾ താരത്തിന് പിറകെ എത്തുന്നത് ഒഴിവാക്കാനും പുതിയ കരാറിലൂടെ ജർമൻ ടീമിന് സാധിക്കും.
2019ലാണ് മുസ്യാല ചെൽസിയിൽ നിന്നും ബയേണിന്റെ യൂത്ത് ടീമിലേക്ക് എത്തുന്നത്. സീനിയർ ടീമിലേക്ക് എത്തിയ ശേഷം പിന്നീട് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ലോകകപ്പിൽ ജർമനിയുടെ നേരത്തെ ഉള്ള പുറത്താകലിനിടയിലും മുസ്യാലയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അൽഫോൻസോ ഡേവിസ്, ലുകാസ് ഹെർണാണ്ടസ് എന്നിവർക്കും ബയേൺ പുതിയ കരാർ നൽകുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് വേണ്ടിയുള്ള ചർച്ചകളും ഉടൻ ആരംഭിച്ചേക്കും. നിലവിൽ ഒരു പിടി മികച്ച യുവതാരങ്ങൾ ഉള്ള ബയേൺ ഇവരിലൂടെ തന്നെ അടുത്ത തലമുറ കെട്ടിപ്പടുക്കുന്നത് ആണ് സ്വപ്നം കാണുന്നത്.