സബ്ബായി വന്ന വിൻസിക്ക് ഗോൾ, ചെന്നൈയിൻ ജംഷദ്പൂരിനെ തോല്പ്പിച്ചു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയെ ചെന്നൈയിൻ പരാജയപ്പെടുത്തി. ഇന്ന് ചെന്നൈ മറീന അരീനയിൽ നടന്ന മത്സരത്തിൽ നിലവിലെ ഷീൽഡ് ജേതാക്കളെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. ഇന്ന് മികച്ച രീതിയിൽ കളി തുടങ്ങിയ ചെന്നൈയിൻ 27ആം മിനുട്ടിൽ സിൽസ്കോവിചിലൂടെ ആണ് ലീഡ് എടുത്തത്. ജോക്സന്റെ ഷോട്ട് ജംഷദ്പൂർ കീപ്പർ രെഹ്നേഷ് തടഞ്ഞു എങ്കിലും ഒരു റീബൗണ്ടിലൂടെ സ്ലിസ്കോവിച് പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ജംഷദ്പൂരിനായുള്ളൂ.

20221119 193409

രണ്ടാം പകുതിയിൽ ജംഷദ്പൂർ ഇഷാൻ പണ്ടിതയിലൂടെ സമനില നേടി. 76ആം മിനുട്ടിൽ ഒരു വോളിയിലൂടെ ആയിരുന്നു ഇഷാൻ പണ്ടിതയുടെ ഫിനിഷ്. ചെന്നൈയിൻ സമ്മർദ്ദത്തിൽ ആയെങ്കിലും സബ്ബായി എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിൻസി ബെരെറ്റോയുടെ ഷോട്ട് ചെന്നൈയിനെ വീണ്ടും മുന്നിൽ എത്തിച്ചു. മത്സരത്തിന്റെ 85ആം മിനുട്ടിൽ നാസർ കൂടെ ഗോൾ നേടിയതോടെ ചെന്നൈയിൻ വിജയം ഉറപ്പിച്ചു.

Picsart 22 11 19 19 38 32 976

ചെന്നൈയിന് ഇപ്പോൾ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് ആണ് ഉള്ളത്. ജംഷദ്പൂരിന് 4 പോയിന്റ് മാത്രമേ ഉള്ളൂ.