കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിടവാങ്ങൽ കുറിപ്പുമായി വിക്റ്റർ മോംഗിൽ. മോംഗിൽ അടക്കമുള്ള താരങ്ങൾ ടീം വിടുന്നതായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക അറിയിപ്പ് എത്തിയതിന് പിറകെയാണ് താരത്തിന്റെ പ്രതികരണം വന്നത്. ഒരിക്കലും വരരുതെ എന്നാഗ്രഹിച്ച ദിവസമാണിതെന്ന് സൂചിപ്പിച്ചാണ് മോംഗിൽ സാമൂഹിക മാധ്യമത്തിലൂടെ നൽകിയ കുറിപ്പ് ആരഭിക്കുന്നത്.
“മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാൻ സമയമായി. അടുത്ത സീസണിൽ ഞാൻ ടീമിന്റെ പദ്ധതികളിൽ ഇല്ലെന്ന് ബോർഡ് തീരുമാനം എടുത്തു കഴിഞ്ഞു”, മോംഗിൽ കുറിച്ചു, “നേരത്തെ പറഞ്ഞ പോലെ ഇതെന്റെ സ്വന്തം തീരുമാനം അല്ല. കേരളത്തിൽ തന്നെ തുടരാനായിരുന്നു എന്റെ ആഗ്രഹം. ഇന്ത്യയിൽ ചെലവഴിച്ച മൂന്ന് വർഷവും അവിസ്മരണീയമാണ്. ഇവിടെ വന്നത് മുതൽ നിങ്ങൾ ഈ നാട്ടുകാരനെന്നൊണം പരിഗണിച്ചു. ടീമിനോടൊപ്പം ചെലവഴിച്ച ഒരു സീസണിന് നന്ദി അറിയിക്കാൻ ഈ കുറിപ്പ് ഉപയോഗിക്കുകയാണ്, എല്ലാവരും നന്ദി. ഈ കുടുംബത്തിലെ ചെറിയൊരു അംഗമാകാൻ അനുവദിച്ചതിന് നന്ദി. ഇവിടെ ലഭിച്ച പിന്തുണയും സ്നേഹവും ഒരിക്കലും മറക്കില്ല”. ജീവിതത്തിൽ ഇനിയെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയിരിക്കും എന്നും ഉറപ്പിച്ചു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.