സുരേഷ് ബെംഗളൂരു എഫ് സി മിഡ്ഫീൽഡിൽ തുടരും

20210623 183556

ബെംഗളൂരു എഫ് സിയുടെ യുവ മിഡ്ഫീൽഡർ സുരേഷ് സിംഗ് വാങ്ജം ക്ലബിൽ തുടരും. ഇരുപതുകാരനായ താരം ബെംഗളൂരു എഫ് സിയുമായി മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. താരം ബെംഗളൂരു എഫ് സി വിടും എന്ന് വലിയ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിന് ഇന്നത്തെ പ്രഖ്യാപനത്തോടെ ക്ലബ് അവസാനമിട്ടു. സർപ്രൈസ് ഒളിപ്പിച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു സുരേഷ് ക്ലബിൽ തുടരുന്നത് ബെംഗളൂരു പ്രഖ്യാപിച്ചത്. ഗുർപ്രീതിന്റെ അനൗൺസ്മെന്റ് എന്ന രീതിയിൽ തുടങ്ങിയ വീഡിയോയിൽ അവസാനം സുരേഷ് 2024വരെ തുടരും എന്ന് പറയുക ആയിരുന്നു.

രണ്ട് സീസൺ മുമ്പ് എ ഐ എഫ് എൽ എലൈറ്റ് അക്കദമിയിൽ നിന്നാണ് സുരേഷ് ബെംഗളൂരുവിൽ എത്തിയത്. അവസാന രണ്ട് സീസണുകളിലായി 30 മത്സരങ്ങൾ താരം നീല ജേശ്സിയിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിലെ മികച്ച താരങ്ങളിൽ ഒന്നായിരുന്നു സുരേഷ്. അടുത്തിടെ താരം ഇന്ത്യൻ ടീമിനായും അരങ്ങേറ്റം നടത്തി.

മധ്യനിര താരമായ സുരേഷ് സിങ് എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ്. താരം മുമ്പ് ഇന്ത്യൻ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനായി ഐലീഗിലും ഇറങ്ങിയിട്ടുണ്ട്.