സഞ്ജു സാംസന്റെയും ജോസ് ബട്ലറുടെയും മികവിൽ രാജസ്ഥാൻ റോയൽസ് ആർ സി ബിയെ തോൽപ്പിച്ചു. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ നാലാം വിജയമാണിത്. 6 വിക്കറ്റ് വിജയമാണ് രാജസ്ഥാൻ ഇന്ന് നേടിയത്. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തും എത്തി.
രാജസ്ഥാൻ റോയൽസിന്റെ ചെയ്സ് അത്ര നല്ല രീതിയിൽ അല്ല തുടങ്ങിയത്. അവർക്ക് തുടക്കത്തിൽ തന്നെ ജയ്സ്വാളിനെ നഷ്ടമായി. ജയ്സ്വാൾ റൺ ഒന്നും എടുത്തില്ല. ഈ സീസണ ഇതുവരെ ജയ്സ്വാളിന് ഫോം കണ്ടെത്താൻ ആയിട്ടില്ല. ഇതിനു ശേഷം സഞ്ജു സാംസണും ജോസ് ബട്ലറും ഒരുമിച്ചു. ഇരുവരും നല്ല രീതിയിൽ കൂട്ടുകെട്ട് പടുത്തു.
മായങ്ക് ദാഗറിന്റെ ഒരു ഓവറിൽ 20 റൺസ് അടിച്ച് കൊണ്ട് ബട്ലർ റൺ റേറ്റ് ഉയർത്താൻ രാജസ്ഥാനെ സഹായിച്ചു. ബട്ലർ 30 പന്തിൽ നിന്ന് 50ൽ എത്തി. അദ്ദേഹത്തിന്റെ ഇരുപതാം ഐ പി എൽ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ഇതിനു പിന്നാലെ സഞ്ജുവും അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജുവിന്റെ സീസണിലെ രണ്ടാം അർധ സെഞ്ച്വറിയായി ഇത്.
അവസാന 8 ഓവറിൽ 60 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. സഞ്ജു സാംസൺ 42 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും സിക്സും സഞ്ജു അടിച്ചു. സഞ്ജു ഔട്ട് ആകുമ്പോൾ രാജസ്ഥാന് 32 പന്തിൽ 36 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. സഞ്ജു ഔട്ടായപ്പോൾ റയാൻ പരാഗ് ബട്ലറിനൊപ്പം ചേർന്നു.
പരാഗ് പക്ഷെ 3 പന്തിൽ 4 റൺ എടുത്ത് പുറത്തായത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. ബട്ലർ ക്രീസിൽ ഉള്ളത് അവർക്ക് ധൈര്യം നൽകി. അവസാന 4 ഓവറിൽ 24 റൺസിലേക്ക് അവരുടെ ടാർഗറ്റ് കുറഞ്ഞു. 17ആം ഓവറിൽ ജുറൽ 3 പന്തിൽ നിന്ന് 2 റൺ എടുത്തു പുറത്തായി. അവസാന 3 ഓവറിൽ 14 റൺസ് മാത്രനെ രാജസ്ഥാന് ജയിക്കാൻ വേൻടിയിരുന്നുള്ളൂ. ബട്ലറും ഹെറ്റ്മയറും കൂടെ അനായാസം അവരെ ലക്ഷ്യത്തിൽ എത്തിച്ചു.
ബട്ലർ 58 പന്തിൽ നിന്ന് 100 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 5 സിക്സും 9 ഫോറും ബട്ലർ അടിച്ചു.സിക്സ് അടിച്ച് 100 പൂർത്തിയാക്കിയാണ് ബട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 183/3 എന്ന സ്കോര്‍ ആണ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും നൽകിയ തുടക്കത്തിന് ശേഷം ആര്‍സിബി 200ന് മേലെയുള്ള സ്കോര്‍ ഉറപ്പായും നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും അവസാനം ആഞ്ഞടിക്കാൻ ആർ സി ബിക്ക് ആയില്ല.
മികച്ച തുടക്കാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിൽ 53 റൺസ് നേടിയ ഈ കൂട്ടുകെട്ട് പത്തോവര്‍ പിന്നിടുമ്പോള്‍ 88 റൺസാണ് നേടിയത്. 14 ഓവറിൽ 125 റൺസാണ് വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 33 പന്തിൽ 44 റൺസ് നേടി ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ചഹാല്‍ ആണ് നേടിയത്.
തൊട്ടടുത്ത ഓവറിൽ നാന്‍ഡ്രേ ബര്‍ഗര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കി. അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ പുറത്താക്കി ചഹാല്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 125/0 എന്ന നിലയിൽ നിന്ന് 155/3 എന്ന നിലയിലേക്ക് ആര്‍സിബി വീണു.
നാന്‍ഡ്രേ ബര്‍ഗര്‍ 19ാം ഓവറിൽ വെറും 4 റൺസ് വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ കോഹ്‍ലി നേടിയ 3 ബൗണ്ടറികളാണ് ആര്‍സിബിയെ 183 റൺസിലേക്ക് എത്തിച്ചത്. കോഹ്‍ലി 72 പന്തിൽ 113 റൺസാണ് നേടിയത്.