സന്ദീപ് സിങ് 2025വരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ തുടരും, കരാർ നീട്ടി

കൊച്ചി, ജൂണ്‍ 4, 2022: പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. 2020 ഡിസംബറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്ന 27കാരന്‍, കഴിഞ്ഞ രണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു.

മണിപ്പൂരില്‍ നിന്നുള്ള താരം, ഷില്ലോങ് ലജോങ് അക്കാദമിക്കൊപ്പമാണ് തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 2014ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെ എഫ്‌സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ല്‍ ലാങ്‌സ്‌നിങ് എഫ്‌സിയില്‍ ചേര്‍ന്ന താരം, 2018-19 ഐഎസ്എല്‍ സീസണിന് വേണ്ടി ഐടികെ എഫ്‌സിയുമായി കരാറിലെത്തി. 2019-20 ഐ ലീഗ് സീസണിനായി ട്രാവു എഫ്‌സിയിലെത്തി, അവിടെ ചെറിയ കാലയളവില്‍ പന്തുതട്ടി. തുടര്‍ന്നാണ് ഈ വലങ്കാലന്‍ ഡിഫന്‍ഡര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമായത്.

2020ല്‍ ബെംഗളൂരു എഫ്‌സിക്കെതിരെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി സന്ദീപ് സിങിന്റെ അരങ്ങേറ്റം. അതേ സീസണില്‍ ഗോവ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി. വിങ് ബാക്ക്, സെന്റര്‍ ബാക്ക് പൊസിഷനുകളില്‍ അനായാസം കളിച്ച് തന്റെ വൈദഗ്ധ്യവും തെളിയിച്ചു. 28 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞ് ശ്രദ്ധേയ പ്രകടനം നടത്തിയ സന്ദീപ് സിങ്, ഒരു അസിസ്റ്റിനൊപ്പം, 89 ടാക്കിളുകളും 16 ഇന്റര്‍സെപ്ഷനുകളും ഇതുവരെ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
Img 20220604 Wa0044
കെബിഎഫ്‌സിയുമായുള്ള തന്റെ കരാര്‍ പുതുക്കിയതില്‍ അവിശ്വസനീയമാംവിധം ആവേശഭരിതനും അഭിമാനിതനുമാണെന്ന് സന്ദീപ് സിങ് പറഞ്ഞു. 2020-21 സീസണില്‍ ക്ലബ്ബിനായുള്ള അരങ്ങേറ്റം എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നിമിഷമായിരുന്നു, ഓരോ മത്സരത്തിലും എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വലിയ ആരാധകവൃന്ദത്തിന് മുന്നില്‍ കളിക്കാനും
ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു, എന്നെ നയിക്കാന്‍ സഹായിക്കുന്ന അവരുടെ സ്‌നേഹമഴ ഇതിനകം അനുഭവിക്കാനായി-സന്ദീപ് സിങ് പറയുന്നു.

മനോഭാവവും ശാരീരികക്ഷമതയും കൊണ്ട്, സന്ദീപ് സിങിന്റെ പരിധികള്‍ ഉയര്‍ന്നതാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച കളിക്കാരനാകാന്‍ ആവശ്യമായ എല്ലാ സ്രോതസുകളും അദ്ദേഹത്തിനുണ്ട്. വരാനിരിക്കുന്ന സീസണുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫ് സീസണില്‍ ഇതിനകം തന്നെ നിരവധി കരാര്‍ വിപുലീകരണങ്ങള്‍ കെബിഎഫ്‌സി പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദീപ് സിങിനൊപ്പം ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ് എന്നിവരെ ദീര്‍ഘകാല കരാറുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.