സാഹിൽ ടവോര ഹൈദരബാദിൽ കരാർ പുതുക്കി, പ്രഖ്യാപനം വന്നു

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നിർണായക ഗോൾ നേടിയ സാഹിൽ ടവോരയുടെ കരാർ ഹൈദരാബാദ് എഫ് സി പുതുക്കി. ഹൈദരാബാദ് ഇന്ന് ഔദ്യോഗികമായി കരാർ പുതുക്കിയത് പ്രഖ്യാപിച്ചു. 2023-24 സീസൺ വരെ നീണ്ടു നിൽക്കുന്ന കരാർ ആണ് സാഹിൽ ഒപ്പുവെച്ചത്.

സാഹിലിന്റെ 88ആം മിനുട്ടിലെ ഗോളായിരുന്നു ഹൈദരബാദിന് ഫൈനലിൽ സമനില നൽകിയത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരബാദ് ജയിക്കുകയുമായിരുന്നു. സാഹിൽ കഴിഞ്ഞ സീസണിൽ നേടിയ ഏക ഗോളും ഇതായിരുന്നു.

2019ൽ ആയിരുന്നു സാഹിൽ ഹൈദരബാദിൽ എത്തിയത്. ഐ എസ് എല്ലിൽ ആകെ 45 മത്സരങ്ങൾ കളിച്ച മധ്യനിര താരം 3 ഗോളുകൾ നേടിയിട്ടുണ്ട്.

മുൻ എഫ് സി ഗോവ താരമായിരുന്നു. പോർച്ചുഗലിൽ നാലാം ഡിവിഷൻ ക്ലബായ അല്വരെംഗ ക്ലബിൽ സാഹിൽ മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ മുംബൈ സിറ്റിക്കായും സാഹിൽ കളിച്ചിട്ടുണ്ട്. ഡെമ്പോ, സീസ ഫുട്ബോൾ അക്കാദമികൾക്കായി കളിച്ച് വളർന്ന താരമാണ് സാഹിൽ.