മിന്നും പ്രകടനവുമായി ഗോൾകീപ്പർമാർ‍, ജെംഷദ്പൂരിനെ സമനിലയിൽ തളച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില. ബെംഗളൂരു-ജെംഷദ്പൂർ മത്സരം ഗോൾ രഹിത സമനിലയിൽ. ഐഎസ്എൽ ആറാം സീസണിലെ ജെംഷദ്പൂരിന്റെ വിജയക്കുതിപ്പിന് തടയിടാൻ ബെംഗളൂരുവിനായി. നിലവിലെ ചാമ്പ്യന്മാരായാ ബെംഗളൂരു എഫ്സിയുടെ തുടർച്ചയായ മൂന്നാം സമനില ആണിത്.

ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും സുബ്രതാ പോളും ഗുർപ്രീതും മികച്ച പ്രകടനങ്ങളുമായി ക്ലീൻ ഷീറ്റ് നിലനിർത്തി. നോർത്ത് ഈസ്റ്റിനോടും എഫ്സി ഗോവയോടും സംഭവിച്ചത് തന്നെ ബെംഗളൂരുവിന് ഇന്നും നടന്നു. മികച്ച നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. ബെംഗളൂരുവിന് ജയം നേടിക്കൊടുക്കാൻ മികച്ച ഒരു അവസരം മലയാളി താരമായ ആശിഖ് കുരുണിയന് ലഭിച്ചിരുന്നു. സുബ്രതയുമായി നേർക്ക് നേർ വന്ന ആഷിഖിന് ലക്ഷ്യം കാണാൻ സാധിച്ചില്ല.