പാരീസിലും സീസണിലും അഞ്ചാം കിരീടം ഉയർത്തി നൊവാക് ജ്യോക്കോവിച്ച്

- Advertisement -

ശപോവലോവ് അത്ഭുതം ഒന്നും കാണിച്ചില്ല, അനായാസം തന്നെ സീസണിലെ അഞ്ചാം കിരീടത്തിലേക്ക് ഒന്നാം നൊവാക് ജ്യോക്കോവിച്ച് മുത്തമിട്ടു. പാരീസ് എ. ടി. പി മാസ്റ്റേഴ്സ് 1000 ൽ തന്റെ ആറാം ഫൈനൽ കളിച്ച ജ്യോക്കോവിച്ച് അഞ്ചാം കിരീടത്തിൽ ആണ് ഇന്ന് മുത്തമിട്ടത്. ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡനും ഈ വർഷം നേടിയ ജ്യോക്കോവിച്ചിനു എ. ടി. പി ഫൈനൽസിന് മുമ്പ് നാളെ ഒന്നാം നമ്പർ റാങ്ക് നഷ്ടമാകും എങ്കിലും ഈ ഫോമിൽ വർഷാവസാനം ജ്യോക്കോവിച്ച് തന്നെയാവും ഒന്നാം നമ്പറിൽ.

ശപോവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് മറികടന്നത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ യുവതാരത്തിന്റെ സർവീസുകൾ ഭേദിച്ച് ശപോവലോവിനെ സമ്മർദ്ദത്തിലാക്കിയ ജ്യോക്കോവിച്ച് 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ പൊരുതാനുള്ള ശ്രമം ശപോവലോവ് നടത്തിയെങ്കിലും 6-4 നു രണ്ടാം സെറ്റും സ്വന്തമാക്കിയ ജ്യോക്കോവിച്ച് തന്റെ കരിയറിലെ 34 മത്തെ മാസ്റ്റേഴ്സ് 1000 കിരീടം സ്വന്തമാക്കി. ലണ്ടനിൽ എ. ടി. പി ഫൈനൽസിനു മുന്നോടിയായി വലിയ ആത്മവിശ്വാസം ആവും ജ്യോക്കോവിച്ചിനു ഈ കിരീടാനേട്ടം പകരുക.

Advertisement