വീണ്ടും ബെംഗളൂരിവിന് മുന്നിൽ പൊട്ടി, അവസരം തുലച്ചതിന് ബ്ലാസ്റ്റേഴ്സ് കൊടുത്ത വലിയ വില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബെംഗളൂരുവിന് മുന്നിൽ പരാജയം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ഏറ്റവും വലിയ വൈരികൾ ആയി കണക്കാക്കപ്പെടുന്ന ബെംഗളൂരു എഫ് സി ഇന്ന് കൊച്ചിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ പരാജയമാണിത്. കളി വിജയത്തിലേക്ക് എത്തുമായിരുന്ന സുവർണ്ണാവസരം നഷ്ടപ്പെടുത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് തിരിച്ചടിയായത്.

ആദ്യ പകുതിയിൽ നല്ല കളി കാഴ്ചവെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു എങ്കിലും കളിയിൽ ആദ്യ ഗോൾ നേടിയത് ബെംഗളൂരു ആയിരുന്നു. ക്യാപ്റ്റൻ സുനിൽ ചേത്രിയാണ് ഇന്ന് കൊച്ചിയിൽ ആദ്യം വല കുലുക്കിയത്. 17ആം മിനുട്ടിൽ മികു നൽകിയ പാസിൽ നിന്ന് ആയിരുന്നു ഛേത്രിയുടെ ഗോൾ. പക്ഷെ ആ പാസ് വരുമ്പോൾ സുനിൽ ഛേത്രി ഓഫ്സൈഡിൽ ആയിരുന്നു. പക്ഷെ റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് പൊങ്ങിയില്ല.

ആ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് തളർന്നില്ല. പെട്ടെന്ന് തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടി നൽകി.29ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. സഹൽ അബ്ദുൽ സമദിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത സ്റ്റൊഹാനോവിചിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില കണ്ടെത്തി.

കളി രണ്ടാം പകുതിയിൽ 1-1 തന്നെ നിൽക്കുമ്പോൾ ആയിരുന്നു ഒരു സുവർണ്ണാവസരം കേരളത്തിന് ലഭിച്ചത്. 77ആം മിനുട്ടിൽ പ്രശാന്ത് ഒരു പാസ് കൊടുത്തപ്പോൾ വിനീതിന് മുന്നിൽ ഗുർപ്രീത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗോൾ എന്നുറച്ച അവസരത്തിൽ പക്ഷെ ഒന്ന് ഗോളിയെ പരീക്ഷിക്കാൻ വരെ വിനീതിനായില്ല. അതുകഴിഞ്ഞ് അധിക സമയം വേണ്ടി വന്നില്ല ബെംഗളൂരു ലീഡ് നേടാൻ.

81ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബെംഗളൂരു ലീഡ് നേടി. മികുവിന്റെ ഒരു ഷോട്ട് നവീൺ കുമാർ രക്ഷിച്ചു എങ്കിലും അത് നികോളയുടെ ദേഹത്ത് തട്ടി കേരള ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തന്നെ വീണു. സ്കോർ 2-1. ഒരിക്കൽ കൂടെ സമനില പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.

ജയത്തോടെ 13 പോയന്റുമായി ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാമത് എത്തി. ആറു മത്സരങ്ങളിൽ ഏഴു പോയന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആറാം സ്ഥാനത്താണ്.