ചെന്നൈയിലും വിജയക്കുതിപ്പ് തുടർന്ന് എടികെ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിയത്. ഡേവിഡ് വില്ല്യംസിന്റെ രണ്ടാം പകുതിയിലെ ഗോളാണ് എടികെക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു പെനാൽറ്റിക്കായുള്ള അവസരവും ഓഫ്സൈടും എടികെക്ക് അനുകൂലമല്ലാതിരുന്നത് തിരിച്ചടിയായി. റീപ്ലെയിൽ റഫറിയുടെ ഇരു തീരുമാനങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. എടികെയുടെ സൂപ്പർ താരം റോയ് കൃഷ്ണയെ വാൽസ്കിസ് ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി അപ്പീൽ നിരസിക്കുകയായിരുന്നു.

48 ആം മിനുട്ടിലൂടെയാണ് ഡേവിഡ് വില്ല്യംസിലൂടെ എടികെ ഗോളടിക്കുന്നത്. ക്യാപ്റ്റൻ ഗോയിയാന്റെ പിഴവ് മുതലെടുത്താണ് വില്ല്യംസ് ലക്ഷ്യം കണ്ടത്. ആദ്യം പന്ത് പ്രഭീർ ദാസ് ഹാവിയർ ഫെർണാണ്ടസിന് നൽകി. പന്ത് വലയിലേക്ക് തൊടുത്തെങ്കിലും ലൂസിയൻ ഗോയിയന് ക്ലിയർ ചെയ്യാനായിരുന്നില്ല. അവസരം മുതലെടുത്ത ഡേവിഡ് വില്ല്യംസ് എടികെക്ക് ലീഡ് നൽകി. പിന്നീട് സമനില നേടാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തന്നെ തിരിച്ചടിയായി. സൂസൈരാജ് പരിക്കേറ്റ് പുറത്ത് പോയത് എടികെക്ക് തിരിച്ചടിയായി. ഇന്നത്തെ ജയത്തോട് കൂടി ഐഎസ്എൽ പോയന്റ് നിലയിൽ ഒന്നാമതാണ് എടികെ. എടികെയുടെ ഈ സീസണിലെ രണ്ടാം ജയമാണിന്നത്തേത്. കഴിഞ്ഞ 6 മത്സരങ്ങളായി ഒരു ഗോളടിക്കാൻ ചെന്നൈയിന് സാധിച്ചിട്ടില്ല.

Advertisement