ഇനി കളി കാര്യമാകും, അന്താരാഷ്ട്ര പ്ലയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: സെപ്റ്റംബർ 07, 2020: ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരളത്തിന്റെ ഫുട്ബോൾ വികാരമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിന്റെയും, ഹെഡ്കോച്ചിന്റെയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്.

കളിക്കാരുടെ ഫിറ്റ്‌നെസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരിക്കുകൾ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട് സ്റ്റാറ്റ് സ്പോർട്സുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അത്യാധുനികവും, ഉപയോക്തൃ സൗഹൃദവുമായ സോൻറാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഇതിനായി ഉപയോഗിക്കുക. പരിശീലനം ഉൾപ്പെടെയുള്ള സമയങ്ങളിൽ കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം പരിക്കുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് സഹായകരമാകും.

“ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണ്, ഇവിടെ ഫുട്ബോൾ വികസിപ്പിക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തുന്ന, രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്”, സ്റ്റാറ്റ് സ്പോർട്സ് മാനേജിങ് ഡയറക്ടർ പോൾ മാകേണൻ പറഞ്ഞു.

“ഒപ്റ്റിമൽ പ്ലെയർ ഡെവലപ്മെന്റ് മൈതാനത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനത്യാവശ്യമായ ഒരു ഘടകമാണ്. സ്ക്വാഡിനെ സംബന്ധിച്ച ഞങ്ങളുടെ ആവശ്യകതകൾ നന്നായി മനസിലാക്കുന്ന സ്റ്റാറ്റ്സ്പോർട്സുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്റ്റാറ്റ്സ്പോർട്സ് ലഭ്യമാക്കുന്ന, ഉപയോക്തൃ സൗഹൃദ ലോകോത്തര സാങ്കേതികവിദ്യയുടെ സഹായത്തോടെ, കളിക്കാരുടെ പ്രകടനങ്ങൾ, ഫിറ്റ്‌നസ് എന്നിവ നിരീക്ഷിച്ച്‌ പരിക്കുകൾ കുറയ്ക്കുന്നതിനും ഫലങ്ങൾ നേടുന്നതിനും ഏറ്റവും മികച്ച രീതിയിൽ പരിശീലനവും, ഗയിം പ്ലാനുകളും ആസൂത്രണം ചെയ്യുന്നതിനും സ്ഥിതിവിവരക്കണക്കുകളും പ്ലെയർ ഡാറ്റയും സമന്വയിപ്പിക്കുന്നതിനും ഞങ്ങൾക്ക് സാധിക്കും. “, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്‌പോർട്ടിംഗ് ഡയറക്ടർ, കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു.