കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് താരമായ ക്വാമെ പെപ്രയും ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ. താരത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരത്തെയും ക്ലബ് റിലീസ് ചെയ്തേക്കും എന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലെസ്കോവിച്, ഡെയ്സുകെ എന്നിവർ ക്ലബ് വിടുന്നതായി ക്ലബ് പ്രഖ്യാപിച്ചിരുന്നു.
പെപ്ര, മിലോസ്, സൊട്ടിരിയോ എന്നിവരുടെ കേരള ബ്ലാസ്റ്റേഴ്സ് ഭാവിയാണ് ഇപ്പോൾ ചർച്ചകളിൽ ഉള്ളത്. ഈ മൂന്ന് താരങ്ങളും അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടായേക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വരുന്നത്. പുതിയ മികച്ച വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
പരിക്ക് കാരണം സീസൺ പകുതിയോളം പെപ്രക്ക് നഷ്ടമായിരുന്നു. പരിക്കേൽക്കുന്ന സമയത്ത് താരം മികച്ച ഫോമിൽ ആയിരുന്നു. ഐ എസ് എല്ലിൽ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയ പെപ്രയ്ക്ക് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. അവിടെയും താരം 2 ഗോളുകൾ നേടിയിരുന്നു. ഘാന സ്‌ട്രൈക്കർ സീസൺ തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു എങ്കിലും ഫോം ആയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിലെ പ്രധാനി ആയി ക്വാമെ പെപ്ര മാറിയിരുന്നു.
2025 വരെ നീണ്ടു നിൽക്കുന്ന കരാർ പെപ്രക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എങ്കിലും താരവും ക്ലബും ആണ് തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.