പോൾ പോഗ്ബയുടെ സഹോദരൻ പോഗ്ബ ഇനി ഐ എസ് എല്ലിൽ, വൻ സൈനിംഗുമായി എ ടി കെ മോഹൻ ബഗാൻ

Newsroom

ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലൊറെന്റിൻ പോഗ്ബയെ ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. IFTWC ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഡിഫൻഡറായ ഫ്ലൊറെന്റിൻ പോഗ്ബ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കളിക്കുക ആയിരുന്നു‌. 31കാരനായ ഫ്ലൊറെന്റിൻ പോഗ്ബ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബയുടെ മൂത്ത സഹോദരനാണ്. താരം മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.

അവസാന രണ്ടു വർഷമായി ലീഗ് 2 ക്ലബായ എഫ് സി സൊചോക്സിനായാണ് ഫ്ലൊറെന്റിൻ കളിക്കുന്നത്. മുമ്പ് എം എൽ എസ് ക്ലബായ അറ്റ്ലാന്റ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. ആറ് വർഷത്തോളം ഫ്രഞ്ച് ലീഗ് ക്ലബായ സൈന്റ് എറ്റിയന് ഒപ്പവും ഏട്ടൻ പോഗ്ബ ഉണ്ടായിരുന്നു. ഫ്രാൻസിന്റെ യുവടീമുകൾക്ക് കളിച്ചിട്ടുണ്ട് എങ്കിലും സീനിയർ ടീമിന് കളിക്കാനായി ഗിനിയ ദേശീയ ടീം ആണ് ഫ്ലൊറെന്റിൻ തിരഞ്ഞെടുത്തത്‌. ഗിനിയക്കായി പക്ഷെ കുറച്ച് മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചിട്ടുള്ളൂ. അനിയൻ പോഗ്ബയെ പോലെ വലിയ താരമല്ല എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ പേര് അടുത്ത സീസണിൽ വലിയ പേരായിരിക്കും.