ഇഞ്ചുറി ടൈമിലെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ; വമ്പൻ തിരിച്ചു വരവുമായി നോർത്ത് ഈസ്റ്റ്, ജംഷദ്പൂരിന് നിരാശ

Nihal Basheer

Screenshot 20231026 221054 X
Download the Fanport app now!
Appstore Badge
Google Play Badge 1

തോൽവി മുന്നിൽ കണ്ട സന്ദർഭങ്ങളിൽ നിന്നും നിമിഷ നേരം മത്സരം കൈപ്പിടിയിൽ ഒതുക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ വമ്പൻ തിരിച്ചു വരവ്. ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ വീണ രണ്ടു ഗോളുകളുടെ ബലത്തിൽ ജംഷദ്പൂരിനെ അവർ വീഴ്ത്തുകയായിരുന്നു. സബാക്കോ, ഇബ്‌സൻ മെലോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ ഡാനി ചുക്വു ആണ് ജംഷദ്പൂരിന് വേണ്ടി വല കുലുക്കിയത്. ഇതോടെ തുടർ സമനിലകൾക്ക് ശേഷം വീണ്ടും വിജയ വഴിയിൽ എത്താനും നോർത്ത് ഈസ്റ്റിനായി. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് അവർ. ജംഷദ്പൂർ ആറാമതാണ്.
Screenshot 20231026 221544 X
തുടക്കത്തിൽ തന്നെ എതിർ പ്രതിരോധത്തിന്റെ പിഴവിൽ ചുക്വു ഗോളിന് അടുത്തെത്തിയെങ്കിലും കീപ്പർ സമയോചിതമായി ഇടപെട്ടു. അലൻ സ്റ്റവാനോവിച്ചിനെ കീപ്പർ ഫൗൾ ചെയ്തതിന് 19ആം മിനിറ്റിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുക്കാൻ വന്ന ചുക്വുവിന്റെ ഷോട്ട് കീപ്പർ മിർഷാദ് തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തിൽ താരം വല കുലുക്കുക തന്നെ ചെയ്തു. പിന്നീട് നോർത്ത് ഈസ്റ്റ് പലപ്പോഴും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എല്ലാം എതിർ ബോക്സിലെത്തി വിഫലമായി പോയി. പലപ്പോഴും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാനും അവർക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റിന്റെ സമനില ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. ഗനിയുടെ ക്രോസിൽ നിന്നും ആശീർ അഖ്തറിന്റെ മികച്ചൊരു ഹെഡർ പോസ്റ്റിനരികിലൂടെ കടന്ന് പോയി. പിന്നീട് അഷീറിന്റെ ലോങ് റേഞ്ച് ഷോട്ടും പോസ്റ്റിനിരുമി കടന്ന് പോയി. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് സബാക്കോയുടെ ഹെഡറും കൈകളിൽ അവസാനിച്ചു. നിരവധി അവസരങ്ങൾ പാഴായി പോകുന്നതിനിടെ ഇഞ്ചുറി ടൈമിൽ സബാക്കോ തന്നെ സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ജംഷദ്പൂരിന് പിഴച്ചപ്പോൾ സബാക്കോ പന്ത് വലയിലേക്ക് തട്ടിയിട്ടു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് ഗോൾ വന്നത്. പിറകെ ഫിലിപ്പോറ്റോവിനെ ലാൽദിൻപുയ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ നോർത്ത് ഈസ്റ്റിന് മത്സരത്തിൽ ആദ്യമായി ലീഡ് നേടാനുള്ള അവസരം കൈവന്നു. കിക്ക് എടുത്ത ഇബ്‌സൻ മെലോ ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിച്ചപ്പോൾ ആതിഥേയ ഫാൻസിന്റെ ആരവം ആർത്തിരമ്പി. ഇതോടെ മത്സരം നോർത്ത് ഈസ്റ്റ് മത്സരം കൈക്കലാക്കി.