ഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്

ഐഎസ്എല്‍ 40ാം മത്സരത്തില്‍ ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ വെച്ചാണ് ഗോവയെ 2-1 എന്ന മാര്‍ജിനില്‍ ഹൈലാന്‍ഡേഴ്സ് വീഴ്ത്തിയത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ രണ്ടാം ഗോളില്‍ നോര്‍ത്തീസ് വിജയ ഗോള്‍ കണ്ടെത്തി.

പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് വിട പറഞ്ഞത്. ആദ്യ പകുതിയുടെ 21ാം മിനുട്ടില്‍ മാര്‍സീനോ ആണ് ഹൈലാന്‍ഡേഴ്സിനെ മുന്നിലെത്തിച്ചത്. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം എഫ് സി ഗോവ ഗോള്‍ മടക്കി. മാന്വല്‍ അരാനയാണ് സമനില ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ ടീമിനായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നോര്‍ത്തീസ്റ്റ് തങ്ങളുടെ രണ്ടാം ഗോളും മത്സരത്തിലെ ലീഡും നേടി. സീമിന്‍ലെന്‍ ഡൗംഗല്‍ ആയിരുന്നു ഗോള്‍ നേടിയത്. പത്താം നമ്പര്‍ താരവും ആദ്യ ഗോളിനു ഉടമയുമായ മാര്‍സിനോ ആയിരുന്നു അസിസ്സ്റ്റിനു ഉടമ.

ഗോള്‍ലൈന്‍ സേവുകളും രഹ്നേഷിന്റെ തകര്‍പ്പന്‍ സേവുകളുമെല്ലാം തന്നെ ഗോവന്‍ ആക്രമണത്തിനെതിരെ പിടിച്ച് നില്‍ക്കുവാന്‍ നോര്‍ത്തീസ്റ്റിനെ പ്രാപ്തരാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ മാര്‍സീനോയ്ക്ക് പകരം മലയാളിത്താരം അബ്ദുള്‍ ഹക്കുവിനെ ഇറക്കി നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ പ്രതിരോധം കൂടുതല്‍ ശക്തിയാക്കി.

അഞ്ച് മിനുട്ട് അധിക സമയം നല്‍കിയെങ്കിലും ഗോള്‍ മടക്കുവാനുള്ള ഗോവന്‍ ശ്രമങ്ങള്‍ വിജയം കാണാതെ പോയപ്പോള്‍ നോര്‍ത്തീസ്റ്റിനു നാട്ടിലെ ആരാധകരുടെ മുന്നില്‍ ജയം സ്വന്തമാക്കാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial