കൊച്ചി – ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
2020-ൽ ചർച്ചിൽ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് U18 ഐ-ലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ, നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്സിനായി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . ഒടുവിൽ 2023/24 ഐ-ലീഗ് സീസണിൽ ആദ്യ ചോയ്സ് ഗോൾകീപ്പറായി ഐസ്വാൾ എഫ്സി അദ്ദേഹത്തിന് അവസരം നൽകി. ആ സീസണിൽ നോറ അവർക്കായി 17 മത്സരങ്ങൾ കളിച്ചു. പെനാൽറ്റി ഏരിയയിലെ ആധിപത്യം, പന്തുകൾ തടുക്കാനുള്ള കഴിവുകൾ എന്നിവ നോറയുടെ പ്രത്യേകതയാണ്.
നോറ ക്ലബിനൊപ്പം ചേരുന്നതിനെ കുറിച്ച സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:
_നോറയുടെ സൈനിങ്ങ് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനങ്ങൾ, സ്വാഭാവികമായ കഴിവ്, ഗോളിന് മുന്നിലുള്ള കമാൻഡിംഗ്, ഫിസിക്ക് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗോൾകീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നൊരു ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് നോറ മികച്ച പ്രകടനം കാഴ്ചവച്ച് അദ്ദേഹത്തിന്റെ മുഴുവൻ കഴിവും പുറത്തെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു._
കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിനെ കുറിച്ച നോറ ഫെർണാണ്ടസ്:
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലുള്ള ക്ലബ്ബിൽ ചേരുന്നതിൽ അഭിമാനവും ആവേശവും ഉണ്ട്. എന്റെ ആദ്യ ഐഎസ്എൽ സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നൽകാനും എന്റെ കഴിവിന്റെ ഏറ്റവും ഉയർന്ന പ്രകടനം നടത്താനും ഞാൻ ശ്രമിക്കും.
സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോൾകീപ്പർ കൂടിയാണ് നോറ. നോറയുടെ കൂട്ടിച്ചേർക്കൽ സച്ചിൻ സുരേഷും ഉൾപ്പെടുന്ന ടീമിൻ്റെ ഗോൾകീപ്പിംഗ് നിരയെ കൂടുതൽ ശക്തമാക്കുന്നു. തായ്ലൻഡിൽ ജൂലൈ 3 മുതൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി നോറ ടീമിനൊപ്പം ചേരും.