നെക്സ്റ്റ് ജെൻ കപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ബെംഗളൂരു എഫ്സി. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയാണ് ബെംഗളൂരു പരാജയപ്പെട്ടത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ പരാജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ എസപ ഒസോംഗിന്റെ ഹാട്രിക്കാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന് വമ്പൻ ജയം സമ്മാനിച്ചത്. ഡെയ്ല് ടൈലർ ഇരട്ട ഗോളുകളും ജോഷ് പവൽ മറ്റൊരു ഗോളും നേടി. ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് കമലേഷ് പളനിസാമിയാണ്. ഒമ്പതാം മിനുട്ടിൽ തന്നെ ഡെയ്ല് ടൈലറിലൂടെ നോട്ടിംഗ്ഹാം ആദ്യ ഗോൾ നേടി.
ഈ അഘാത്തതിൽ നിന്നും മോചിതനാവും മുൻപേ ബെംഗളൂരുവിനെതിരെ രണ്ടാം ഗോൾ നോട്ടിംഗ്ഹാം ജോഷ് പവലിലൂടെ നേടി. പിന്നീട് 41ആം മിനുട്ട് വരെ നോട്ടിംഗ്ഹാമിനെ പിടിച്ച് കെട്ടാൻ ബെംഗളൂരു ഡിഫൻസിനായി. ടൈലറിലൂടെ മൂന്നാം ഗോളും നോട്ടിംഗ്ഹാം അടിച്ചു കൂട്ടി. ആദ്യ പകുതിയിൽ മൂന്ന് ഗോൾ നോട്ടിംഗ്ഹാം അടിച്ച് കൂട്ടിയപ്പോൾ രണ്ടാം പകുതിയിലും ബെംഗളൂരു എഫ്സിയെ നോക്കുകുത്തിയാക്കി കളി തുടർന്നു. 51ആം മിനുട്ടിൽ കമലേഷ് പളനിസാമിയിലൂടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു.
എസപ ഒസോങ്ങിന്റെ ഹാട്രിക്ക് ബെംഗളൂരു എഫ്സിയുടെ നടുവൊടിച്ചു.
69ആം മിനുട്ടിൽ പെനാൽറ്റി ബെംഗളൂരു വഴങ്ങി. കിക്കെടുത്ത ഒസോങ്ങിന് പിഴച്ചുമില്ല. 88ആം മിനുട്ടിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ നോട്ടിംഗ്ഹാം ലീഡുയർത്തി. കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ബെംഗളൂരു വീണ്ടും പെനാൽറ്റി വഴങ്ങി. ഒസോങ്ങിലൂടെ ഗോളുകളുടെ എണ്ണം ആറായി ഉയർത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്.