പൂനെ സിറ്റി പരിശീലകൻ പുറത്തേക്കെന്ന് സൂചന

ഐ എസ് എൽ സീസൺ തുടങ്ങി മൂന്ന് മത്സരങ്ങൾ കഴിയുന്നതെ ഉള്ളൂ. അതിനകം തന്നെ ഒരു മോശം വാർത്ത വന്നേക്കും. പൂനെ സിറ്റി തങ്ങളുടെ പരിശീലകനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്. ഈ സീസണിൽ പൂനെയിൽ എത്തിയ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെ ആണ് പൂനെ പുറത്താക്കാൻ ഒരുങ്ങുന്നത്.

ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പൂനെ സിറ്റിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് കോച്ചിമെ പെട്ടെന്ന് തന്നെ മാറ്റാൻ ക്ലബ് തീരുമാനിക്കുന്നതിന്റെ കാരണം. അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പൂനെ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയിരുന്ന പൂനെ ഈ സീസണിലും പ്ലേ ഓഫ് ആണ് ലക്ഷ്യം വെക്കുന്നത്.

ഇത്രയും മികച്ച സ്ക്വാഡിനെ വെച്ച് മികച്ച പ്രകടനം നടത്താൻ മിഗ്വേലിന് ആകുന്നില്ല എന്നത് പൂനെ മാനേജ്മെന്റിനെ നിരാശയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ കോച്ച് ആയിരുന്നു മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ. ഡെൽഹിയുടെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് മികച്ച സ്ക്വാഡുണ്ടായിരുന്നില്ല എന്നായിരുന്നു പരിശീലകൻ മുമ്പ് മറുപടി പറഞ്ഞിരുന്നത്.

അടുത്ത പൂനെ സിറ്റി മത്സരത്തിന് മുമ്പായി മിഗ്വേൽ ഏഞ്ചലിനെതിരെയുള്ള നടപടി ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.