“കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വെല്ലാൻ ഇന്ത്യയിൽ ആരുമില്ല”

Photo: Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെതാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയാണ് സൈനിങ്‌ സായെദ് ബിൻ വലീദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകരെ വെല്ലാൻ ഇന്ത്യയിൽ ആർക്കും സാധിക്കില്ലെന്നും യുവതാരം പറഞ്ഞു. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി പുതിയ സൈനിങ്‌ രംഗത്തെത്തിയത്. തന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സൈൻ ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണിച്ച സ്നേഹം മറക്കില്ലെന്ന് പറഞ്ഞ താരം ഈ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തിയെന്നും പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത് ഫസ്റ്റ് ടീമിൽ കയറാനാണ് തന്റെ ശ്രമം എന്നും പുതിയ സൈനിങ്‌ പറഞ്ഞു. ഇത്രയും വലിയ ആരാധകർക്ക് മുൻപിൽ കളിക്കുന്നത് വെല്ലുവിളിയാണെന്നും അവരുടെ മുൻപിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും തന്റെ മൂല്യം അവർക്ക് മനസ്സിലാക്കി കൊടുക്കാനുമാവും തന്റെ ശ്രമം എന്നും സായെദ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും പല ടീമുകളിൽ നിന്ന് തനിക്ക് പല ഓഫറുകൾ വന്നെങ്കിലും കേരളത്തിന് വേണ്ടി കളിക്കുക എന്നത് ലക്‌ഷ്യം വെച്ചാണ് താൻ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേർന്നതെന്ന് സായെദ് പറഞ്ഞു. കേരളത്തിന് വേണ്ടി കളിക്കുക എന്നത് തനിക്ക് അഭിമാനം തോന്നുന്ന ഒരു കാര്യമാണെന്നും താരം പറഞ്ഞു. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ സായെദ് കഴിഞ്ഞ 12 വർഷമായി യു.എ.യിലാണ് താമസിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, അൽ എത്തിഹാദ് അക്കാദമി, ഡു ലാ ലീഗ എന്നിവയിലൂടെ കളി പഠിച്ചാണ് സായെദ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. സഹലിന്റെ പാദ പിന്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നെടും തൂണാവാൻ ഈ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.