“പ്രീ സീസണിലെ പാളിച്ചകൾ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി”

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിലെ പാളിച്ചകൾ തിരിച്ചടിയായെന്ന് പരിശീലകൻ എൽകോ ഷറ്റോരി. ഹൈദരാബാദ് എഫ്സിയുമായുള്ള മത്സരശേഷം പ്രതികരിക്കുകയായിരുന്നു ഷറ്റോരി. ഒരു പ്രോപ്പർ പ്രീ സീസൺ തയ്യാറെടുപ്പ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടില്ല. പ്രീ സീസണിലെ പാളിച്ചകൾ പോലെ തന്നെ താരങ്ങളുടെ പരിക്കും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മലയാളി യുവതാരം രാഹുൽ കെപിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും സ്റ്റാങ്കോവിചിന്റെയും മാഴ്സലീനോയുടേയും ഗോളിൽ ആദ്യ ഐഎസ്എൽ ജയം ഹൈദരാബാദ് സ്വന്തമാക്കി. ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികച്ച പ്രകടമാണ് കാഴ്ച്ച വെച്ചതെന്ന് പറഞ്ഞ ഷറ്റോരി തന്നെ അലട്ടുന്നത് പ്രതിരോധമാണെന്നും പറഞ്ഞു. ഹൈദരാബാദ് ഗോൾ കീപ്പർ കമൽജിത് സിംഗിന്റെ മികച്ച പ്രകടനത്തെ പ്രകീർത്തിക്കുകയും ചെയ്തു എൽകോ ഷറ്റോരി.