ഹ്യൂമേട്ടൻ റെഡി, നാളെ പൂനെ ജേഴ്സിയിൽ ആദ്യ മത്സരം

- Advertisement -

ഇയാൻ ഹ്യൂമിന്റെ തിരിച്ചുവരവിന് നാളെ പൂനെ ബാലെവാദി സ്റ്റേഡിയം വേദിയാകും. പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇയാൻ ഹ്യൂം കളത്തിൽ തിരിച്ചെത്തുന്നത്. ഹ്യൂമിനെ സ്ക്വാഡിൽ രജിസ്റ്റർ ചെയ്തതായി പൂനെ സിറ്റി ഔദ്യോഗികമായി അറിയിച്ചു. സ്ട്രൈക്കർ അൽഫാരോ എ ടി കെ കൊൽക്കത്തയിലേക്ക് പോയ ഒഴിവിലാണ് ഹ്യൂം ടീമിലേക്ക് വന്നിരിക്കുന്നത്.

പരിക്ക് കാരണം കഴിഞ്ഞ ഐ എസ് എൽ സീസൺ അവസാനം മുതൽ പുറത്തായ ഇയാൻ ഹ്യൂം പൂനെ സിറ്റിക്ക് ഒപ്പം നേരത്തെ ചേർന്നിരുന്നു എങ്കിലും ഇതുവരെ പൂനെയുടെ സ്ക്വാഡിൽ എത്താൻ ആയിരുന്നില്ല. ഹ്യൂം ഫിറ്റ്നെസ് തെളിയിച്ചതോടെ അൽഫാരോയെ മാറ്റി ഹ്യൂമിൻ വഴിയൊരുക്കുകയായിരുന്നു പൂനെ.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആണ് ഇയാൻ ഹ്യൂം. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് പരിക്ക് കാരണം സീസണിൽ നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്. കേരളം വിട്ടു എങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയ താരനായ ഹ്യൂമേട്ടൻ പൂനെ ജേഴ്സിയിലും തിളങ്ങണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

സീസണിൽ ഇതുവരെ ഒരു ജയം വരെ ഇല്ലാതെ നിൽക്കുന്ന പൂനെയുടെ അവസാന പ്രതീക്ഷയാണ് ഹ്യൂം. നാളെ ജംഷദ്പൂരിനെതിരെ ഹ്യൂം ഇറങ്ങുമ്പോൾ തങ്ങളുടെ ആദ്യ ജയവും ഒപ്പം വരുമെന്ന് ടീം കരുതുന്നു.

Advertisement