എഫ്‌സി ഗോവയുടെ മലയാളി മിഡ്‌ഫീൽഡർ ആയ മുഹമ്മദ് നെമിൽ ക്ലബ്ബുമായുള്ള കരാർ പുതുക്കി. താരം പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. 2020 മുതൽ എഫ് സി ഗോവയ്ക്ക് ഒപ്പം ഉള്ള താരമാണ് നെമിൽ.
എഫ്‌സി ഗോവയ്‌ക്കായി ഇതുവരെ 33 മത്സരങ്ങൾ കളിക്കുകയും 7 ഗോളുകൾ നേടുകയും ചെയ്‌തിട്ടുണ്ട്. “എഫ്‌സി ഗോവയ്‌ക്കൊപ്പം എൻ്റെ യാത്ര തുടരുന്നതിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. ഈ ക്ലബ് എൻ്റെ രണ്ടാമത്തെ ഹോം ആയി മാറിയിരിക്കുന്നു, ഭാവിയെക്കുറിച്ചും നമുക്ക് ഒരുമിച്ച് നേടാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ ആവേശഭരിതനാണ്.’ 22കാരനായ നെമിൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
“ആരാധകരിൽ നിന്നും മാനേജ്‌മെൻ്റിൽ നിന്നുമുള്ള പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്, എല്ലാ മത്സരങ്ങളിലും പരിശീലന സെഷനിലും എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. കഴിഞ്ഞ തവണ ഞങ്ങൾക്ക് ഫലപ്രദമായ ഒരു സീസൺ ഉണ്ടായിരുന്നു, ഐഎസ്എൽ ലീഗ് ഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്യുകയും ഡ്യൂറൻഡ് കപ്പിലും ഐഎസ്എൽ കപ്പ് സെമിഫൈനലിലും എത്തുകയും ചെയ്തു – ഇത്തവണ വലിയ സ്വാധീനം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”യുവതാരം കൂട്ടിച്ചേർത്തു.
2020-ൽ ഗോവയിൽ കരാർ ഒപ്പിട്ട ശേഷം, സ്പെയിനിലെ മാർസെറ്റ് അക്കാദമിയിൽ നെമിൽ ഒരു സീസൺ ലോണിൽ ചെലവഴിച്ചിരുന്നു. 2021ലെ ഡുറൻഡ് കപ്പിൽ ഗോവ ചാമ്പ്യന്മാരായി ഉയർന്നപ്പോൾ മികച്ച രണ്ടാമത്തെ ടോപ്പ് ഗോൾ സ്‌കോററായിരുന്നു.
ആ വർഷം അവസാനത്തോടെ യുവതാരം തൻ്റെ ISL അരങ്ങേറ്റം നടത്തി, അതിനുശേഷം ക്ലബ്ബിൻ്റെ എല്ലാ ഡുറാൻഡ് കപ്പ്, ISL, സൂപ്പർ കപ്പ് കാമ്പെയ്‌നുകളിലും നെമിൽ സജീവ സാന്നിദ്ധ്യമായിരുന്നു.