മുംബൈ സിറ്റി ബെംഗളൂരുവിനെയും തകർത്തു, പെനാൾട്ടി നഷ്ടപ്പെടുത്തി ഛേത്രി

20211205 001459

ഐ എസ് എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെ തകർത്ത മുംബൈ സിറ്റി ഇന്ന് ബെംഗളൂരുവിനെയും തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി ഇന്ന് വിജയിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു പെനാൾട്ടി നഷ്ടമാക്കിയത് ഇന്നത്തെ ബെംഗളൂരു പരാജയത്തിൽ നിർണായകമായി. ആദ്യ പകുതിയിൽ 9ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അംഗുളോ മുംബൈ സിറ്റിക്ക് ലീഡ് നൽകി.

20ആം മിനുട്ടിൽ മനോഹരമായൊ ഒരു ഫ്രീകിക്ക് വലയിൽ എത്തിച്ചു കൊണ്ട് ക്ലൈറ്റൻ സിൽവ ബെംഗളൂരുവിനെ ഒപ്പം എത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മുന്നിൽ എത്താൻ ബെംഗളൂരുവിന് അവസരം ഒരുങ്ങി. എന്നാൽ ഛേത്രിയുടെ കിക്ക് സമർത്ഥമായി തടയാൻ യുവ ഗോൾകീപ്പർ നവാസിനായി.

രണ്ടാം പകുതിയിൽ കളി ബെംഗളൂരു എഫ് സിയിൽ നിന്ന് അകന്നു. 54ആം മിനുട്ടിൽ ജാഹുവിന്റെ ഒരു സെറ്റ് പീസ് വലിയ ലീപിലൂടെ ഹെഡ് ചെയ്ത് ഫാൾ വലയിൽ എത്തിച്ചു. മുംബൈ മുന്നിൽ. പിന്നീട് 85ആം മിനുട്ടിൽ കറ്റാറ്റുവിന്റെ ഗോൾ മുംബൈ വിജയം ഉറപ്പിക്കുകയും ചെയ്തു. 9 പോയിന്റുമായി മുംബൈ സിറ്റി ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. ബെംഗളൂരുവിന്റെ സീസണിലെ രണ്ടാം തോൽവി ആണിത്.

Previous articleഅവസാനം ന്യൂകാസ്റ്റിലിന് പ്രീമിയർ ലീഗിൽ ഒരു ജയം
Next articleതന്ത്രങ്ങൾ ഒക്കെ പഴയത് ആകുന്നു ജോസെ!! ഇന്ററിന്റെ മുന്നിൽ വെട്ടിയിട്ട വാഴതണ്ട് പോലെ റോമ!!