തന്ത്രങ്ങൾ ഒക്കെ പഴയത് ആകുന്നു ജോസെ!! ഇന്ററിന്റെ മുന്നിൽ വെട്ടിയിട്ട വാഴതണ്ട് പോലെ റോമ!!

Newsroom

ജോസെ മൗറീനോ പണ്ട് കപ്പ് നേടി തന്നത് ഒന്നും ഇന്റർ മിലാൻ ഓർത്തില്ല. ജോസെയെയും റോമയെയും തകർത്ത് എറിയുന്ന പ്രകടനമാണ് ഇന്ന് ഇന്റർ മിലാൻ നടത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ഇന്റർ മിലാൻ ഈ സീസണിൽ കളിച്ച ഏറ്റവും മികച്ച ഫുട്ബോളും ഇന്ന് കണ്ടതാകും. ഇന്ന് മത്സരത്തിന്റെ 15ആം മിനുട്ടിൽ ഹകൻ ചാഹനൊഗ്ലു ആണ് ഇന്ററിന് ലീഡ് നൽകിയത്. ഹകന്റെ കോർണർ ആരിലും തട്ടാതെ വലയിലേക്ക് എത്തുക ആയിരുന്നു.

24ആം മിനുട്ടിൽ ജെക്കോ നേടിയ ഗോൾ ഇന്റർ ഈ സീസണിൽ നേടിയ ഏറ്റവും നല്ല ഗോളായിരിക്കും. ഗംഭീര പാസഗിലൂടെ ടീമൊക്കെ ഒത്തു കളിച്ച ആ നീക്കം അവസാനം ജെക്കോ ആണ് വലയിൽ എത്തിച്ചത്. 39ആം മിനുട്ടിൽ ഡം ഫ്രൈസിന്റെ ഒരു ഡൈവിംഗ് ഹെഡർ കളി പൂർണ്ണമായും റോമയിൽ നിന്ന് അകറ്റുകയും ചെയ്തു. റോമിൽ തീർത്തും ഏകപക്ഷീയമാണ് ഇന്റർ കളിച്ചത്. ജയത്തോടെ 37 പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ രണ്ടാമത് എത്തി. റോമ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.