ആദ്യ നാല് ലക്‌ഷ്യം വെച്ച് മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും നേർക്കുനേർ

മുംബൈയിൽ ഇന്ന് ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുള്ള ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിച്ചാൽ ഇരു ടീമുകളും ഗോവയെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്തെത്തും.

കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഗോവയെ അവരുടെ തട്ടകത്തിൽ മറികടന്നാണ് മുംബൈ സിറ്റി ജാംഷഡ്പൂരിനെ നേരിടാനിറങ്ങുന്നത്. സെറിറ്റോൺ ഫെർണാഡസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ 10 പേരായി ചുരുങ്ങിയ ഗോവയെ മുംബൈ സിറ്റി എഫ്.സി തറപറ്റിക്കുകയായിരുന്നു.

ജാംഷഡ്പൂർ ആവട്ടെ എ.ടി.കെയെ അവരുടെ ഗ്രൗണ്ടിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പ്ലേ ഓഫ് യോഗ്യതക്കായി ശക്തമായ മത്സരം നടക്കുന്ന ഈ അവസരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും സ്റ്റീവ് കൊപ്പലിനെ സംതൃപ്തനാക്കില്ല.  കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ജാംഷഡ്പൂർ ഇന്നിറങ്ങുക.

ജാംഷഡ്പൂർ 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി എഫ്.സി 17 പോയിന്റുമായി ആറാം സ്ഥാനത്താണ്. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial