ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന ലീഗിലെ അവസാനത്തെയും നിർണായകവുമായ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയത്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം.
ഇന്ന് മത്സരം ആരംഭിക്കുന്നതിനു മുമ്പ് മുംബൈ സിറ്റി 47 പോയിന്റുമായി ഒന്നാമതും മോഹൻ ബഗാൻ 45 പോയിന്റുമായി രണ്ടാമത് ആയിരുന്നു ഉണ്ടായിരുന്നത്. ഈ വിജയത്തോടെ മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവരുടെ ആദ്യ ഐഎസ്എൽ ഷീൽഡ് ആണ് അവർ ഇന്ന് സ്വന്തമാക്കിയത്. മുംബൈ സിറ്റി ഇതിനുമുമ്പ് രണ്ട് തവണ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് മത്സരത്തിന്റെ 28ആം മിനിറ്റിൽ പിറന്ന ഗോളിൽ നിന്നായിരുന്നു മോഹൻ ലീഡ് നേടിയത്. പെട്രാറ്റോസിന്റെ അസിസ്റ്റിൽ നിന്ന് ലിസ്റ്റൺ കൊളാസോ ആണ് ഗോൾ നേടിയത്. ഈ ഗോളിന് മറുപടി പറയാനോ തിരിച്ചടിക്കാനോ മുംബൈക്ക് ആയില്ല. അവർ സമനിലക്കായി ആഞ്ഞു ശ്രമിച്ചു എങ്കിലും മോഹൻ ബഗാൻ ഡിഫൻസിനെ ഭേദിക്കാൻ അവർക്ക് ആയില്ല. 81ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി.
കിരീടം ഉറപ്പിച്ചു എന്ന് തോന്നിയ സമയത്ത് 89ആം മിനുട്ടിൽ ചാങ്തെയിലൂടെ മുംബൈ സിറ്റി ഒരു ഗോൾ മടക്കി. ഇതോടെ കളിയുടെ അവസാന നിമിഷങ്ങൾ ആവേശകരമായി. 92ആം മിനുട്ടിൽ മോഹൻ ബഗാൻ താരം ബ്രണ്ടൺ ഹാമൽ ചുവപ്പ് കണ്ട് പുറത്ത് പോയത് ബഗാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എങ്കിലും പൊരുതി വിജയം ഉറപ്പിക്കാൻ ബഗാനായി.
വിജയത്തോടെ മോഹൻ ബഗാൻ 48 പോയിന്റുമായി ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 47 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതും ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്ത് എഫ് സി ഗോവ, നാലാം സ്ഥാനത്ത് ഒഡീഷ, അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ്, ആറാം സ്ഥാനത്ത് ചെന്നൈയിൽ എന്നിവരാണ് ഫിനിഷ് ചെയ്തത്. ഇവരാണ് ഇനി നോക്കൗട്ട് റൗണ്ടിൽ മത്സരിക്കുക